പ്രധാന ആപ്പുകൾ സൗജന്യമായി തുടരും; ക്രിയേറ്റർമാർക്കും ബിസിനസുകൾക്കും ഉയർന്ന ഫീച്ചറുകൾക്കായി ‘മെറ്റാ വൺ’ വരിസംഖ്യ.
ദുബായ് — വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെറ്റാ എഐ എന്നീ പ്ലാറ്റ്‌ഫോമുകളിലായി കൂടുതൽ പ്രത്യേക സൗകര്യങ്ങൾ ലഭ്യമാക്കുന്ന ‘മെറ്റാ വൺ’ സബ്സ്ക്രിപ്ഷൻ സേവനങ്ങൾ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. പ്രതിമാസം 5.99 ദിർഹം മുതലാണ് യുഎഇയിലെ നിരക്കുകൾ ആരംഭിക്കുന്നത്.
സാധാരണ ഉപയോക്താക്കൾക്ക് ഈ ആപ്പുകളുടെ അടിസ്ഥാന സൗജന്യ സേവനങ്ങൾ തുടർന്നും ലഭ്യമായിരിക്കും. കൂടുതൽ എഐ ടൂളുകൾ, ഇന്റർഫേസ് മാറ്റങ്ങൾ, ബിസിനസ്-ക്രിയേറ്റർ സൗകര്യങ്ങൾ എന്നിവ ആവശ്യമുള്ളവർക്ക് മാത്രമാണ് ഈ പെയ്ഡ് സേവനങ്ങൾ ബാധകമാകുന്നത്.
ആഗോളതലത്തിൽ ഇതുവരെ 1.5 കോടിയോളം (15 മില്യൺ) ഉപയോക്താക്കൾ സബ്സ്ക്രിപ്ഷനുകളും ട്രയലുകളും എടുത്തതായി കമ്പനി വ്യക്തമാക്കി. തുടക്കത്തിൽ 50-ലധികം പുതിയ ഫീച്ചറുകൾ വിവിധ ആപ്പുകളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. മെറ്റയുടെ എഡിറ്റ്സ് (Edits) ആപ്പിലേക്കും എഐ കണ്ണടകളിലേക്കും ഭാവിയിൽ ഈ പ്രീമിയം സേവനങ്ങൾ വ്യാപിപ്പിക്കും.
ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ‘വാട്സ്ആപ്പ് പ്ലസ്’ പാക്കേജിന് പ്രതിമാസം 5.99 ദിർഹമാണ് നിരക്ക്. പ്രത്യേക തീമുകൾ, കസ്റ്റം ആപ്പ് ഐക്കണുകൾ, സ്പെഷ്യൽ ഇഫക്ട് സ്റ്റിക്കറുകൾ, 20 ചാറ്റുകൾ വരെ പിൻ ചെയ്യാനുള്ള സൗകര്യം എന്നിവ ഇതിലൂടെ ലഭിക്കും. ചാറ്റ് ബാക്കപ്പുകൾ സൂക്ഷിക്കുന്നതിനുള്ള ക്ലൗഡ് സ്റ്റോറേജും, നിശ്ചിത സമയങ്ങളിൽ ചാറ്റുകൾ ഹൈഡ് ചെയ്യാനോ നിശബ്ദമാക്കാനോ സഹായിക്കുന്ന ‘ഫോക്കസ് ഷെഡ്യൂളും’ പരീക്ഷണഘട്ടത്തിലാണ്.
ഇൻസ്റ്റഗ്രാം പ്ലസ്, ഫേസ്ബുക്ക് പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 7.99 ദിർഹം വീതമാണ് നിരക്ക്. സ്റ്റോറികൾ കണ്ടവരെക്കുറിച്ചുള്ള വിവരങ്ങൾ, ഡയറക്ട് മെസ്സേജ് പ്രിവ്യൂകൾ, കസ്റ്റം ഫോണ്ടുകൾ, കൂടുതൽ റീൽസ് അനലിറ്റിക്‌സ് തുടങ്ങിയ സൗകര്യങ്ങൾ ഇതിൽ ലഭ്യമാണ്.
നിർമ്മിത ബുദ്ധി (AI) കൂടുതൽ ഉപയോഗിക്കുന്നവർക്കായി പ്രത്യേക ബണ്ടിൽ പ്ലാനുകളും പ്രഖ്യാപിച്ചിട്ടുണ്ട്:
- കോർ പ്ലാൻ (Core – പ്രതിമാസം 22.99 ദിർഹം): വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലസ് സൗകര്യങ്ങൾക്കൊപ്പം കൂടുതൽ എഐ ഫോട്ടോകളും വീഡിയോകളും തയ്യാറാക്കാനുള്ള അനുമതി നൽകുന്നു.
- പ്രീമിയം പ്ലാൻ (Premium – പ്രതിമാസം 76.99 ദിർഹം): അതിവേഗ എഐ മോഡലുകൾ, വിപുലമായ മീഡിയ നിർമ്മാണം, ഇൻസ്റ്റഗ്രാം ‘റീസ്റ്റൈൽ’ തുടങ്ങിയ പ്രൊഫഷണൽ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു.
സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ ക്രിയേറ്റർമാർക്കുമായി നാല് തലത്തിലുള്ള പ്ലാനുകൾ കമ്പനി ഒരുക്കിയിട്ടുണ്ട്. 46.99 ദിർഹം മുതൽ ആരംഭിക്കുന്ന ‘എസ്സൻഷ്യൽ’ പ്ലാനിൽ വെരിഫൈഡ് ബാഡ്ജ്, പ്രൊഫൈൽ സുരക്ഷ, ഓട്ടോമേറ്റഡ് ഫോളോ ഇൻവിറ്റേഷനുകൾ എന്നിവ ഉൾപ്പെടുന്നു.
വൻകിട ബിസിനസുകൾക്കായി വിപുലമായ മറ്റ് വിഭാഗങ്ങളും ഉണ്ട്:
- അഡ്വാൻസ്ഡ് (Advanced – 119 ദിർഹം മുതൽ): ഷെഡ്യൂളിംഗ്, വിപുലമായ ഇൻസൈറ്റ്സ്, പോസ്റ്റുകളിലും റീൽസുകളിലും ലിങ്കുകൾ ചേർക്കാനുള്ള അനുമതി, ടീം ആക്സസ്.
- എക്സ്പെർട്ട് (Expert – 359 ദിർഹം മുതൽ): കൂടുതൽ വാട്സ്ആപ്പ് ബിസിനസ് ക്രെഡിറ്റുകൾ, ഒരേ അക്കൗണ്ടിൽ ഒരേസമയം 8 പേർക്ക് കൈകാര്യം ചെയ്യാനുള്ള അനുമതി.
- മാക്സ് (Max – 1,199 ദിർഹം മുതൽ): 30 പേർക്ക് അക്കൗണ്ട് ആക്സസ്, വാട്സ്ആപ്പ് ബിസിനസ് ഏജന്റ് വഴി തുടർച്ചയായ ഓട്ടോമേറ്റഡ് ഉപഭോക്തൃ സേവനം, കസ്റ്റമർ കെയർ ജീവനക്കാരുമായി നേരിട്ട് സംസാരിക്കാനുള്ള പ്രത്യേക മുൻഗണന.
സാധാരണ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് പണം നൽകേണ്ടതില്ലെന്ന് മെറ്റ വ്യക്തമാക്കി. പുതിയ മാറ്റങ്ങൾ ആവശ്യമുള്ളവർക്ക് മാത്രം തിരഞ്ഞെടുക്കാവുന്ന സ്വമേധയാ ഉള്ള ഓപ്ഷനുകൾ മാത്രമാണിത്.









