കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥിയായ നിതിൻരാജിന്‍റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് ഭീഷണി കേസിൽ നിർണായക നടപടി. ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോൺ ആപ്പിന്റെ നടത്തിപ്പുകാരായ മൂന്ന് പേരെ ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് കേരള പൊലീസ് അറസ്റ്റ് ചെയ്തു.
പിടിയിലായവർ ഉത്തർപ്രദേശ് സ്വദേശികളായ ഋഷികേഷ് തിവാരി (32), പ്രശാന്ത് ഖേവൽ (28) എന്നിവരും ഹരിയാനയിലെ ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയിയും (54) ആണെന്ന് പൊലീസ് അറിയിച്ചു.
വിദ്യാർഥി ലോൺ ആപ്പിലൂടെ പണം കടം എടുത്തതിനെ തുടർന്ന് തിരിച്ചടവിൽ വീഴ്ച വന്നിരുന്നു. തുടർന്ന് റഫറൻസ് ആയി നൽകിയ അധ്യാപികയുടെ നമ്പറിലേക്ക് നിരന്തരമായ ഫോൺ കോളുകളും സന്ദേശങ്ങളും വഴി പ്രതികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരു മണിക്കൂറിൽ നിരവധി കോളുകൾ വരെ എത്തിയതായും, ഓരോ നമ്പറും ബ്ലോക്ക് ചെയ്താലും പുതിയ നമ്പറുകളിൽ നിന്നു ശല്യം തുടരുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. തുടക്കത്തിൽ ഉപയോഗിച്ച എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും, ഒരു സജീവ നമ്പർ കേന്ദ്രീകരിച്ചുള്ള സൈബർ ട്രാക്കിംഗിലൂടെ പ്രതികൾ നോയിഡയിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി.
നോയിഡയിലെ ഒരു ഐ.ടി പാർക്കിനോട് സാമ്യമുള്ള കേന്ദ്രത്തിൽ നിന്നാണ് സംഘം പ്രവർത്തിച്ചിരുന്നത്. ഏകദേശം 40ഓളം ജീവനക്കാർ ഇവിടെ ജോലി ചെയ്തിരുന്നതായി കണ്ടെത്തി. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യൽ, പണം വിതരണം, തിരിച്ചടവ് ഉറപ്പാക്കൽ തുടങ്ങിയ മുഴുവൻ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടത്തിയിരുന്നത്.
പരിശോധനയിൽ, പ്രതികൾ സാധാരണ ഫോണുകൾക്ക് പകരം ‘സിം ബോക്സ്’ സംവിധാനം ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിച്ച് ഒരേസമയം നിരവധി ആളുകളെ വിളിക്കാൻ കഴിയുന്ന സംവിധാനമാണ് ഇവർ ഉപയോഗിച്ചിരുന്നത്.
നോയിഡ പൊലീസ് സഹകരണത്തോടെ നടത്തിയ റെയ്ഡിൽ സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തതോടെ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജിന്‍റെ നിർദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.ഐ മിഥുൻ എസ്.വിയുടെ നേതൃത്വത്തിൽ സി.പി.ഒമാരായ കെ. സുനിൽ, പി.കെ. ദിജിൻ രാജ് എന്നിവരാണ് നോയിഡയിൽ വെച്ച് പ്രതികളെ പിടികൂടിയത്.









































