പെരുന്നാൾ അവധിക്കാലത്ത് ദുബായ് മിറാക്കിൾ ഗാർഡൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യുഎഇ താമസക്കാർക്കായി പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന സൗജന്യ പ്രവേശനം തിരക്ക് നിയന്ത്രിക്കാൻ പ്രായോഗികമല്ലാത്തതിനാൽ അധികൃതർ പിൻവലിച്ചു. പകരം ഇളവുകളോടെയുള്ള ടിക്കറ്റ് നിരക്കാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.
മുതിർന്നവർക്കുള്ള സൗജന്യ പ്രവേശനം ഒഴിവാക്കിയെങ്കിലും കുട്ടികൾക്ക് ആശ്വാസകരമായ വാർത്തയാണ് അധികൃതർ പങ്കുവെച്ചിരിക്കുന്നത്. 12 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്ക് ഈ സീസൺ അവസാനിക്കുന്നത് വരെ കുട്ടികൾക്ക് മിറാക്കിൾ ഗാർഡനിലേക്ക് സൗജന്യ പ്രവേശനം തുടർന്നും ലഭിക്കുന്നതാണ്.
ഈദ് അൽ ഫിത്തർ അവധിക്കാലത്ത് സന്ദർശകരുടെ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച ദുബായ് മിറാക്കിൾ ഗാർഡൻ ഗേറ്റുകൾ താൽക്കാലികമായി അടച്ചിരുന്നു. കുടുംബങ്ങളും താമസക്കാരും കൂട്ടത്തോടെ എത്തിയതോടെയാണ് നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരായത്. സന്ദർശകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചു. സന്ദർശകർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച അധികൃതർ പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു.
മാർച്ച് 15 മുതൽ 31 വരെ ദുബായ് മിറാക്കിൾ ഗാർഡനിൽ യുഎഇയിലെ താമസക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാതെ തന്നെ സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തെ തുടർന്നാണ് മിറാക്കിൾ ഗാർഡനിൽ പ്രവേശനം സൗജന്യമാക്കിയത്. എന്നാൽ ചെറിയ പെരുന്നാൾ അവധി ദിവസങ്ങളിൽ ഇവിടെ അനിയന്ത്രിത തിരക്ക് അനുഭവപ്പെടുകയായിരുന്നു.




































