പാലക്കാട്: പാലക്കാട്ട് തണ്ണിമത്തൻ ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് സ്ഫോടകവസ്തുക്കൾ കടത്താൻ ശ്രമിച്ച ലോറി പൊലീസ് പിടികൂടി. മെഡിക്കൽ കോളജിന് സമീപത്തുനിന്നാണ് ചരക്കുമായി പോകുകയായിരുന്ന ലോറി കസ്റ്റഡിയിലെടുത്തത്.
തമിഴ്‌നാട്ടിലെ ധർമഗിരിയിൽ നിന്ന് തൃശൂരിലേക്കാണ് ലോറി പോകുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിശോധനയ്ക്കിടെ ലോറിയിൽ കയറ്റിയിരുന്ന തണ്ണിമത്തൻ ചാക്കുകൾക്കിടയിലെ പെട്ടികളിൽ നിന്നാണ് ജലറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും ഉൾപ്പെടുന്ന സ്ഫോടകശേഖരം കണ്ടെത്തിയത്.
കരിങ്കൽ ക്വാറികളിൽ ഉപയോഗിക്കാനായിരിക്കാം സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.










































