തിരുവനന്തപുരം: പേട്ട ഓവർബ്രിഡ്ജിന് സമീപമുള്ള പഴയ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
കടയും വീടും ഉൾപ്പെട്ട ഓടിട്ട കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷസേന ചാക്ക യൂണിറ്റിന്റെ നേതൃത്വത്തിൽ ഏകദേശം ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കെട്ടിടത്തിന് സമീപത്ത് നടന്ന വെൽഡിംഗ് ജോലികളിൽ നിന്നുണ്ടായ തീപ്പൊരി കെട്ടിടത്തിലേക്ക് പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇലക്ട്രോണിക്സ് കട പൂർണമായും കത്തി നശിച്ചു. അറ്റകുറ്റപ്പണിക്ക് എത്തിച്ചിരുന്ന ടി.വി, മിക്സി തുടങ്ങിയ ഉപകരണങ്ങളും തീയിൽ നശിച്ചു.
കെട്ടിടത്തിലെ വീടിന്റെ ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ലോട്ടറി കടയിലേക്ക് തീ വലിയ തോതിൽ പടർന്നില്ലെന്നത് കൂടുതൽ അപകടം ഒഴിവാക്കി.
ഓടിട്ട മേൽക്കൂര പൂർണമായും അഗ്നിക്കിരയായി. ചാക്ക അഗ്നിരക്ഷാസേന സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് വിലയിരുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.















































