സ്വീറ്റ് വേൾഡിന്റെ ആറാമത് ബ്രാഞ്ച് കരാമയിൽ തുറന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ടൂർണമെന്റിൽ മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് റാഫിയും സി.കെ വിനീതും അണിനിരന്നു.
ദുബായ്: പ്രവാസി മനസ് കീഴടക്കിയ ആവേശപ്പോരാട്ടത്തിൽ അർജന്റീനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി പോർച്ചുഗൽ ‘സ്വീറ്റ് വേൾഡ് കപ്പ്’ ഫുട്ബോൾ കിരീടം ചൂടി. പ്രമുഖ മിഠായി-ബേക്കറി ബ്രാൻഡായ സ്വീറ്റ് വേൾഡിന്റെ ആറാമത് ശാഖ ദുബായ് കരാമയിൽ പ്രവർത്തനം ആരംഭിച്ചതിന്റെ ഭാഗമായാണ് യുഎഇയിലെ പ്രവാസി കൂട്ടായ്മകളെ അണിനിരത്തി ടൂർണമെന്റ് സംഘടിപ്പിച്ചത്.





യുഎഇയിലെ പ്രമുഖ ഫുട്ബോൾ ക്ലബുകളുടെ നേതൃത്വത്തിൽ അർജൻ്റീന, ബ്രസീൽ, ഫ്രാൻസ്, പോർച്ചുഗൽ ടീമുകളുടെ ആരാധകരാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. കെഫയുടെ (KEFA) ആഭിമുഖ്യത്തിൽ നടന്ന മത്സരങ്ങൾ കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. ഫൈനലിൽ നിശ്ചിത സമയത്ത് ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ടൂർണമെന്റിനോടനുബന്ധിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ മുഹമ്മദ് റാഫിയും സി. കെ. വിനീതിയും നയിച്ച അർജൻ്റീന–ബ്രസീൽ സൗഹൃദ മത്സരം കാണികൾക്ക് ആവേശമായി. യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകർ, ബിസിനസുകാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവർ ഈ പ്രദർശന മത്സരത്തിൽ ഇരുതാരങ്ങൾക്കുമൊപ്പം ബൂട്ട് കെട്ടി.
ആവേശകരമായ സമാപനച്ചടങ്ങിൽ സ്വീറ്റ് വേൾഡ് മാനേജിംഗ് ഡയറക്ടർ ഫിറോസ് ലത്തീഫ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ പ്രമുഖ പ്രവാസി വ്യക്തിത്വങ്ങളായ ഇസ്മയിൽ മുഹമ്മദ്, ഷാജി അബ്രികോ, തെൽഹത്ത് ഫോറം, ഷഫീൽ കണ്ണൂർ, നിഖിൽ മോഹൻ, ചാക്കോ ഊളക്കാടൻ, ഹക്കിം വാഴക്കാലയിൽ തുടങ്ങിയവർ പങ്കെടുത്തു.
യുഎഇയിലെ മലയാളി പ്രവാസി സമൂഹത്തിന്റെ കായിക കൂട്ടായ്മകൾക്ക് വലിയ ചരിത്രമുണ്ട്. കോർപ്പറേറ്റ് ബ്രാൻഡുകളുടെ പിന്തുണയോടെ കെഫ പോലുള്ള കായിക സംഘടനകൾ നടത്തുന്ന ഇത്തരം ടൂർണമെന്റുകൾ പ്രവാസികളുടെ ജോലിത്തിരക്കുകൾക്കിടയിൽ വലിയ മാനസികോല്ലാസവും ഒത്തുചേരലിനുമുള്ള അവസരവുമാണ് ഒരുക്കുന്നത്.















































