യുഎഇ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ (RSC) കലാലയം, സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ യുഎഇയിലെ വിവിധ കേന്ദ്രങ്ങളിൽ ‘ഇങ്കുലാബ്’ എന്ന പേരിൽ പ്രത്യേക പഠന സംവാദ പരിപാടി സംഘടിപ്പിക്കുന്നു. സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടികൾ ഓഗസ്റ്റ് 14 മുതൽ 23 വരെ യുഎഇയിലെ 67 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രവും ജനാധിപത്യ മൂല്യങ്ങളും സമകാലിക സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പുതിയ തലമുറയുമായി സംവദിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇങ്കുലാബിന്റെ ചരിത്രവും സമകാലിക ജൻസി മൂവ്‌മെന്റിന്റെ പ്രസക്തിയും’ എന്ന വിഷയമാണ് പരിപാടിയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ചരിത്രപ്രസിദ്ധമായ ‘ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി’ (Tryst with Destiny) പ്രസംഗം മലയാളത്തിൽ വിവർത്തനം ചെയ്ത വീഡിയോയുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.










