‘കോളേജ് ജംഗ്ഷൻ സീസൺ 4 – ഓർമ്മപ്പൂക്കാലം’ സാംസ്കാരിക സമ്മേളനം കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
അജ്മാൻ, യുഎഇ — നങ്യാർകുളങ്ങര ടികെഎംഎം കോളേജ് അലൂമിനി യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ‘കോളേജ് ജംഗ്ഷൻ സീസൺ 4 – ഓർമ്മപ്പൂക്കാലം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അജ്മാനിലെ ഗ്രാൻഡ് മാളിൽ നവംബർ 15-ന് നടന്ന ആഘോഷത്തിൽ നൂറുകണക്കിന് പൂർവ്വ വിദ്യാർത്ഥികൾ കുടുംബസമേതം പങ്കെടുത്തു.

രാവിലെ നടന്ന ചടങ്ങിൽ അലൂമിനി പ്രസിഡന്റ് ഹസിന രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹസിന രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അരുൺ ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ ശ്രീജിത്ത് നന്ദിയും പറഞ്ഞു.

ടിവി അവതാരകനും എഴുത്തുകാരനുമായ ഹരി പത്തനാപുരം, മാധ്യമപ്രവർത്തകൻ അനൂപ് കീച്ചേരി, നടനും നിർമ്മാതാവുമായ രാകേഷ് ശങ്കരൻ, അക്കാഫ് ഇവന്റ്സ് ജനറൽ സെക്രട്ടറി വി.എസ്. ബിജു കുമാർ, സെക്രട്ടറി മനോജ് കെ.വി. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് ആശംസകൾ നേർന്നു.
മാവേലി വരവേൽപ്പ്, ചെണ്ടമേളം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയ്ക്കൊപ്പം വിവിധ കലാപരിപാടികളും മിസ്റ്റിക് റിഥംസിന്റെ ഡിജെയും ആഘോഷങ്ങൾക്ക് നിറം പകർന്നു.
പ്രോഗ്രാം കൺവീനർമാരായ പത്മരാജ്, രാജേഷ് ഹരിപ്പാട്, സഞ്ജുരാജ് വലിയകുളങ്ങര, കൾച്ചറൽ കമ്മിറ്റി കൺവീനർമാരായ സ്മിതാരാജ്, ആതിര, ചിത്രഹരിദാസ് എന്നിവരും ഭാരവാഹികളായ രാജ്ദേവ്, ഹരിദാസ്, മനോജ് ഉമേശൻ, പ്രവീൺ പ്രകാശൻ, സാജൻ, ബിജിരാജേഷ്, അഞ്ജലി എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.










