ഉച്ചവിശ്രമ നിയമത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇ ഫുഡ് ബാങ്കുമായും ഡെലിവറൂവുമായും സഹകരിച്ച് 23 കേന്ദ്രങ്ങളിൽ സഹായമെത്തിക്കും.
ദുബായ് — വേനൽച്ചൂടിൽ നഗരത്തിൽ സേവനം അനുഷ്ഠിക്കുന്ന ഡെലിവറി റൈഡർമാർക്ക് ആശ്വാസവുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ). യു.എ.ഇ ഫുഡ് ബാങ്ക്, ഡെലിവറൂ എന്നിവയുമായി സഹകരിച്ച് നഗരത്തിലെ പ്രധാന ബസ്, മെട്രോ സ്റ്റേഷനുകളിലെ താത്കാലിക വിശ്രമ കേന്ദ്രങ്ങളിൽ റൈഡർമാർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു.

റൈഡർമാരുടെ സാന്നിധ്യം കൂടുതലായി ഉള്ള 23 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഗോൾഡ് സൂഖ്, അൽ സത്വ, അൽ ഖുസൈസ്, അൽ കരാമ, അൽ ജാഫിലിയ ബസ് സ്റ്റേഷനുകൾക്ക് പുറമെ ബുർജുമാൻ, ഡി.എം.സി.സി, അൽ റാഷിദിയ, ഇബ്‌ൻ ബത്തൂത്ത, അൽ ഫുർജാൻ, ഇ ആന്റ് (e&) എന്നീ മെട്രോ സ്റ്റേഷൻ പരിസരങ്ങളിലെ വിശ്രമ കേന്ദ്രങ്ങളിലാണ് ഭക്ഷണ വിതരണം നടന്നത്.
മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MoHRE) ഉച്ചവിശ്രമ നിയമത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ആർ.ടി.എയുടെ ഈ നടപടി. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് യു.എ.ഇയിൽ നിരോധനമുണ്ട്. സൂര്യാഘാതവും കടുത്ത ചൂടുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളും തടയുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം.
ഡെലിവറി ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന ദേശീയ സംരംഭങ്ങളിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആർ.ടി.എ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു. ചൂടുകാലത്ത് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നഗരത്തിലെ ജീവിതനിലവാരം ഉയർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹിക അന്തരീക്ഷത്തിലും സാമ്പത്തിക മേഖലയിലും നിർണായക പങ്ക് വഹിക്കുന്ന തൊഴിലാളികളെ ആദരിക്കേണ്ടത് കടമയാണെന്ന് യു.എ.ഇ ഫുഡ് ബാങ്ക് എക്സിക്യൂട്ടീവ് ടീം മേധാവി മനാൽ ഉബൈദ് ബിൻ യാരൂഫ് വ്യക്തമാക്കി. ഭക്ഷണം പാഴാക്കുന്നത് തടയുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു.










