ദുബൈ: അബു ഹൈൽ, സലാഹ് അൽ ദീൻ സ്ട്രീറ്റുകളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി അൽ ഖിയാദ ഇന്റർസെക്ഷനിൽ പുതിയ ഗതാഗത പരിഷ്‌കരണങ്ങൾ നടപ്പാക്കി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA).
ദുബായിൽ നിന്ന് അബു ഹൈൽ, സലാഹ് അൽ ദീൻ സ്ട്രീറ്റുകളിലേക്ക് പോകുന്ന വാഹനങ്ങൾക്കായി അൽ ഇത്തിഹാദ് റോഡിൽ നിന്ന് പുതിയൊരു ലെയിൻ കൂട്ടിച്ചേർത്തതാണ് പ്രധാന മാറ്റം. ഇന്റർസെക്ഷന്റെ ലേഔട്ടിലും ട്രാഫിക് സിഗ്നൽ സംവിധാനത്തിലും ആവശ്യമായ നവീകരണങ്ങളും നടത്തി.

അൽ ഇത്തിഹാദ് റോഡിൽ നിന്ന് അബു ഹൈൽ സ്ട്രീറ്റിലേക്ക് തിരിഞ്ഞ് സലാഹ് അൽ ദീൻ സ്ട്രീറ്റിലേക്ക് പോകുന്നതിനായി പുതിയ ഇടത് തിരിവ് ലെയിനാണ് ഒരുക്കിയത്. ഇതിനായി സമാന്തര പാർക്കിങ് സ്ഥലങ്ങളും സെൻട്രൽ മീഡിയന്റെ ഒരു ഭാഗവും ഉപയോഗപ്പെടുത്തി. ഇതോടെ ഇന്റർസെക്ഷന്റെ ഗതാഗത ശേഷിയും പ്രവർത്തനക്ഷമതയും വർധിക്കും.
പുതിയ ലെയിൻ സംവിധാനത്തിന് അനുസൃതമായി ട്രാഫിക് സിഗ്നലുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. റോഡിന്റെയും നടപ്പാതകളുടെയും ചില ഭാഗങ്ങളിൽ പുനർനിർമാണവും ടാറിങ് ജോലികളും നടത്തിയതോടൊപ്പം ആവശ്യമായ കോൺക്രീറ്റ് ബാരിയറുകളും സ്ഥാപിച്ചു.
പരിഷ്‌കരണങ്ങളിലൂടെ തിരക്കേറിയ സമയങ്ങളിൽ അൽ ഖിയാദ ഇന്റർസെക്ഷനിലെ കാത്തിരിപ്പ് സമയം 15 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് RTAയുടെ പ്രതീക്ഷ. പ്രധാന റോഡായ അൽ ഇത്തിഹാദ് റോഡിനും സമീപത്തെ പ്രാദേശിക റോഡ് ശൃംഖലയ്ക്കുമിടയിലെ വാഹന ഗതാഗതവും ഇതോടെ കൂടുതൽ സുഗമമാകും.
അബു ഹൈൽ സ്ട്രീറ്റിൽ പുതിയ പാർക്കിങ് സ്ഥലങ്ങളും RTA ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള പാർക്കിങ് മേഖലകളിൽ ലൈറ്റിങ് പോളുകളും സ്ഥാപിച്ചു. ലഭ്യമായ സ്ഥലങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനൊപ്പം പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളും സേവന നിലവാരവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ദുബായിയെയും ഷാർജയെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതകളിലൊന്നായ അൽ ഇത്തിഹാദ് റോഡിലാണ് അൽ ഖിയാദ ഇന്റർസെക്ഷൻ സ്ഥിതി ചെയ്യുന്നത്. ദെയ്‌റയിലെ അബു ഹൈൽ സ്ട്രീറ്റ്, സലാഹ് അൽ ദീൻ സ്ട്രീറ്റ്, അൽ ഖുദ്‌സ് സ്ട്രീറ്റ് തുടങ്ങിയ പ്രധാന റോഡുകളിലേക്കുള്ള ഗതാഗത വിതരണത്തിലും ഈ ഇന്റർസെക്ഷൻ നിർണായക പങ്കുവഹിക്കുന്നു.
ദുബായിയുടെ നഗരവികസനവും ജനസംഖ്യാ വർധനവും ഉയരുന്ന ഗതാഗത ആവശ്യങ്ങളും കണക്കിലെടുത്ത് റോഡ് ശൃംഖലയുടെ ശേഷിയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനുള്ള RTAയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്‌കരണങ്ങൾ.










