കോഴിക്കോട്/ദുബായ്: മലയാളത്തിന്റെ ഇതിഹാസ കഥാകാരൻ എസ്.കെ. പൊറ്റക്കാട്ടിന്റെ ‘ഒരു തെരുവിന്റെ കഥ’ പിറന്ന മിഠായിത്തെരുവിൽ മറ്റൊരു തെരുവിന്റെ കഥയുമായി സാദിഖ് കാവിലിന്റെ പുതിയ നോവൽ ‘മംഗളൂരു’ പ്രകാശനം ചെയ്തു. എസ്.കെ.യുടെ പ്രതിമയ്ക്ക് ചാരെ നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ മകളും എഴുത്തുകാരിയുമായ സുമിത്ര ജയപ്രകാശ് മുതിർന്ന മാധ്യമപ്രവർത്തകൻ പി.പി. ശശീന്ദ്രന് ആദ്യപ്രതി നൽകിയാണ് കേരളത്തിലെ പ്രകാശനം നിർവ്വഹിച്ചത്. മനോരമ ബുക്സ് ആണ് ഈ നോവലിന്റെ പ്രസാധകർ.

അനുഭവങ്ങളുടെ പൊള്ളലില്ലാതെ ആർക്കും ഒരു തെരുവിന്റെ കഥയെഴുതാനാവില്ലെന്ന് സുമിത്ര ജയപ്രകാശ് ഓർമ്മിപ്പിച്ചു. എസ്.കെ.യുടെ നോവലുകളിലെ കഥാപാത്രങ്ങൾ വെറും സങ്കല്പങ്ങളല്ലെന്നും അവ രക്തവും മാംസവുമുള്ള മനുഷ്യരായിരുന്നുവെന്നും അവർ അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. ‘ഒരു തെരുവിന്റെ കഥ’യുടെ മണ്ണിൽ നിന്ന് പുതിയൊരു തെരുവിന്റെ കഥ പ്രകാശനം ചെയ്യുന്നത് രണ്ട് കാലഘട്ടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അപൂർവ്വ നിമിഷമാണെന്ന് പി.പി. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.
കവി മുരളി മംഗലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മാധ്യമപ്രവർത്തകൻ എം.ഫിറോസ് ഖാൻ മുഖ്യാതിഥിയായിരുന്നു. മഹേഷ് പൌലോസ്, മുസ്തഫ, ബോബൻ ശ്രീധരൻ, പ്രശോഭ് രവി, ഇസ മറിയം കാവിൽ തുടങ്ങിയവർ സംസാരിച്ചു.
അന്താരാഷ്ട്ര പ്രകാശനം ദുബായിൽ നോവലിന്റെ അന്താരാഷ്ട്ര പ്രകാശനം ദുബായിൽ വെച്ച് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി നിർവ്വഹിച്ചു. ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചീഫ് കമ്യൂണിക്കേഷൻ മാനേജർ വി. നന്ദകുമാർ, ബിജു കൊട്ടാരത്തിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

English Summary : Sadiq Kavil’s novel ‘Mangaluru’, published by Manorama Books, was released at the historic Mittai Theruvu in Kozhikode by S.K. Pottekkatt’s daughter Sumithra Jayaprakash. The international launch was conducted by Lulu Group Chairman M.A. Yusuff Ali in Dubai.













































