Sharjah: സ്റ്റാർട്ടപ്പ് സംരംഭകർക്ക് വലിയ ആശ്വാസമായി ഷാർജയിൽ വാണിജ്യ ലൈസൻസിനായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത മേഖലകളിൽ ബിസിനസ് തുടങ്ങുന്നതിനായി വെറും 1,000 ദിർഹത്തിന് ലൈസൻസ് അനുവദിക്കുന്ന പദ്ധതിയാണ് അധികൃതർ അവതരിപ്പിച്ചത്. ചെറുകിട സംരംഭകരെയും പുതുതായി ബിസിനസ് രംഗത്തേക്ക് കടക്കുന്നവരെയും ലക്ഷ്യമിട്ടുള്ള നടപടിയാണിത്.
രണ്ട് ദിവസത്തേക്ക് മാത്രമാണ് ഈ പ്രത്യേക ഓഫർ ലഭ്യമാകുക. ജനുവരി 31നും ഫെബ്രുവരി 1നും നടക്കുന്ന ഷാർജ എന്റർപ്രണർഷിപ്പ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്ക് മാത്രമാണ് 1,000 ദിർഹം നിരക്കിൽ ലൈസൻസ് നേടാൻ അവസരം. സാധാരണയായി ആയിരക്കണക്കിന് ദിർഹം ചെലവാകുന്ന ട്രേഡ് ലൈസൻസിന് പകരമാണ് ഈ ഇളവ്.
അപേക്ഷകർക്ക് ലഭിക്കുക ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് ലൈസൻസായിരിക്കും. ലൈസൻസ് അനുവദിക്കാൻ ചില മാനദണ്ഡങ്ങളും നിബന്ധനകളും ഉണ്ടാകും. വിദ്യാഭ്യാസം, സൃഷ്ടിപരമായ മേഖലകൾ, ആരോഗ്യം, ഗതാഗതം, സുസ്ഥിര വികസനം ഉൾപ്പെടെ ആറ് പ്രധാന മേഖലകളിലാണ് അപേക്ഷകൾ പരിഗണിക്കുക.
ഷാർജ റിസർച്ച് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിൽ നടക്കുന്ന ഒമ്പതാമത് എന്റർപ്രണർഷിപ്പ് ഫെസ്റ്റിവലിൽ നേരിട്ട് എത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു. സ്റ്റാർട്ടപ്പ് സംരംഭകർക്കും ഈ ഇളവ് ബാധകമാണ്.
സംരംഭക ലോകത്തേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്ക് അപൂർവ അവസരമായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.









































