ഷാർജ: അറേബ്യൻ ഉപദ്വീപിലെ ആദ്യകാല മനുഷ്യജീവിതത്തെക്കുറിച്ചും 2 ലക്ഷം വർഷങ്ങൾക്കിടയിലുണ്ടായ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും പഠിക്കുന്നതിന് 20 ലക്ഷം ദിർഹത്തിന്റെ (4.95 കോടി രൂപ) ഗ്രാന്റ് പ്രഖ്യാപിച്ച് ഷാർജ. യുനെസ്കോ പൈതൃക കേന്ദ്രമായി തിരഞ്ഞെടുത്ത ഷാർജയിലെ മലീഹ മേഖലയിലുള്ള ഫയ പാലിയോ ലാൻഡ്‌സ്‌കേപ്പിനെ പഠനവിധേയമാക്കാനാണ് പദ്ധതി. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴക്കമേറിയ മനുഷ്യവാസ കേന്ദ്രങ്ങളിലൊന്നാണിത്. 2 ലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള ശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.ആഫ്രിക്കയ്ക്ക് പുറത്ത് ആദിമ മനുഷ്യർ എത്തിയ ആദ്യ ഇടങ്ങളിൽ ഒന്നാണിതെന്ന് കരുതപ്പെടുന്നു. പുരാതന കാലങ്ങളിൽ ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്ന കല്ലുകൊണ്ടുള്ള ആയുധങ്ങൾ ഇവിടുന്ന് കണ്ടെത്തിയിരുന്നു. ശിലായുഗത്തിന്റെ വിവിധ ഘട്ടങ്ങളിലെ മാറ്റങ്ങൾ ഗവേഷണത്തിലൂടെ മനസ്സിലാക്കാനാണ് ശ്രമം.ഇപ്പോൾ മരുഭൂമിയായ ഈ പ്രദേശം പണ്ട് നദികളും തടാകങ്ങളും പച്ചപ്പും നിറഞ്ഞതായിരുന്നു. ലക്ഷക്കണക്കിന് വർഷങ്ങൾക്കിടയിൽ അറേബ്യൻ ഉപദ്വീപിലെ കാലാവസ്ഥ എങ്ങനെ മാറി എന്ന് മനസ്സിലാക്കാൻ ഇവിടുത്തെ മണ്ണിന്റെ പാളികൾ സഹായിക്കുമെന്നാണ് പ്രതീക്ഷ




































