ഷാർജ | UAE വാർത്ത
ഷാർജ എമിറേറ്റിലെ അൽദൈദിൽ പുതുതായി നിർമിച്ച വന്യജീവി മ്യൂസിയം യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. മ്യൂസിയത്തിൽ സ്ഥാപിച്ച സ്മാരക ഫലകത്തിന്റെ അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു.
വിദ്യാർത്ഥികൾ, കുടുംബങ്ങൾ, ഗവേഷകർ എന്നിവർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള സംവേദനാത്മക വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളാണ് മ്യൂസിയത്തിന്റെ പ്രധാന ആകർഷണം. അറേബ്യൻ മരുഭൂമികളുടെ സവിശേഷതകളും അവിടത്തെ ജീവജാലങ്ങളുടെ ജൈവ വൈവിധ്യവും അവതരിപ്പിക്കുന്ന പ്രത്യേക ഹാളുകളും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന വേളയിൽ സീഡ് ബാങ്ക് വികസന പ്രവർത്തനങ്ങളെ കുറിച്ചും ശൈഖ് സുൽത്താൻ വിശദീകരിച്ചു. ഇതുവരെ 50 ലക്ഷത്തിലധികം വിത്തുകൾ ഷാർജ ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അറേബ്യൻ ഉപദ്വീപ് മേഖലയിലെ സസ്യ-വൃക്ഷ വിത്തുകളും യു.കെയിലെ പ്രത്യേക അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സംരക്ഷിച്ച് വരുന്നു. ശാസ്ത്രീയ പഠനങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനുമാണ് ഈ വിത്തുകൾ ഉപയോഗിക്കുന്നത്.
ഏകദേശം 27,755 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അൽദൈദ് വന്യജീവി മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. പരിസ്ഥിതി ബോധവൽക്കരണത്തിനും പ്രകൃതി സംരക്ഷണത്തിനും പുതിയ അധ്യായം കുറിക്കുന്ന സംരംഭമായാണ് മ്യൂസിയത്തെ വിലയിരുത്തുന്നത്.










































