ഫെസ്റ്റിവൽ സിറ്റി ഓഫീസ് അറ്റകുറ്റപ്പണികൾക്കായി 2027 ജനുവരി 30 വരെ അടച്ചിടുന്നതിനാലാണ് താൽക്കാലിക ക്രമീകരണം.
ദുബായ്, യുഎഇ — മാനുഷിക പരിഗണന ആവശ്യമായ വിസാ കേസുകൾ കൈകാര്യം ചെയ്യുന്ന ജിഡിആർഎഫ്എ ദുബായ് വിഭാഗം നവംബർ 23 തിങ്കളാഴ്ച മുതൽ അൽ ത്വവാർ 2-ലേക്ക് താൽക്കാലികമായി മാറും. ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ നിലവിലെ ഓഫീസ് അറ്റകുറ്റപ്പണികൾക്കായി 2027 ജനുവരി 30 ശനിയാഴ്ച വരെ അടച്ചിടുന്നതിനാലാണ് ഈ മാറ്റം.
ഈ കാലയളവിൽ അൽ ത്വവാർ 2-ലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ ഫ്രീ സോൺ വിഭാഗത്തിലായിരിക്കും സേവനങ്ങൾ ലഭ്യമാകുക. നവംബർ 23 മുതൽ ഈ വിഭാഗത്തിന്റെ സേവനം ആവശ്യമുള്ളവർ നേരിട്ട് താൽക്കാലിക കേന്ദ്രത്തിലെത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.
പുതിയ കേന്ദ്രത്തിൽ രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് പ്രവർത്തനസമയം. വെള്ളിയാഴ്ചകളിൽ രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും സേവനം ലഭിക്കും. ഔദ്യോഗിക പൊതു അവധി ദിവസങ്ങളിൽ കേന്ദ്രം പ്രവർത്തിക്കില്ല. സേവനങ്ങൾ മുടങ്ങാതിരിക്കാനും നിലവാരം ഉറപ്പാക്കാനും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും താൽക്കാലിക കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അറ്റകുറ്റപ്പണി നടക്കുന്ന കാലയളവിൽ ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ ഓഫീസ് ഗൂഗിൾ മാപ്സിൽ ‘Temporarily Closed’ എന്ന് രേഖപ്പെടുത്തും. താൽക്കാലിക കേന്ദ്രത്തിന്റെ കൃത്യമായ സ്ഥാനവും പ്രവർത്തനസമയവും ഗൂഗിൾ മാപ്സിൽ ലഭ്യമാക്കും. ഫെസ്റ്റിവൽ സിറ്റി ഓഫീസ് വീണ്ടും തുറക്കുന്ന തീയതി ജിഡിആർഎഫ്എ ദുബായിയുടെ ഔദ്യോഗിക ചാനലുകളിലൂടെ പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് 8005111 എന്ന അമർ ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.










