കൊളംബോ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ, അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട 84 ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ ഇറാനിലേക്ക് കൈമാറാൻ ശ്രീലങ്കൻ കോടതി ഉത്തരവിട്ടു.
ശ്രീലങ്കൻ തീരത്തുനിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അമേരിക്ക ഇറാന്റെ യുദ്ധക്കപ്പലായ ‘ഐറിസ് ദേനക്ക്’ (IRIS Dena) ആക്രമിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ടോർപ്പിഡോ ആക്രമണം
ഫെബ്രുവരി 25ന് വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂ (IFR), മിലാൻ–2026 നാവികാഭ്യാസം എന്നിവയിൽ പങ്കെടുത്ത ശേഷം മാർച്ച് 4ന് മടങ്ങുകയായിരുന്ന ‘ഐറിസ് ദേനക്ക്’ നേരെയാണ് അമേരിക്കൻ അന്തർവാഹിനി ടോർപ്പിഡോ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ട്രംപിന്റെ നിർദേശം തള്ളി
കൊല്ലപ്പെട്ട ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ ഇറാനിലേക്ക് കൈമാറരുതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കി ശ്രീലങ്കൻ കോടതി മൃതദേഹങ്ങൾ ഇറാനിലേക്ക് കൈമാറാൻ ഉത്തരവിട്ടു.
ഗാലെ നാഷണൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഇറാൻ എംബസിക്ക് കൈമാറാൻ ഗാലെ കോടതിയും മുൻപ് ഉത്തരവിട്ടിരുന്നു.
മൃതദേഹങ്ങൾ ഇറാനിലേക്ക്
കോടതി ഉത്തരവിനെ തുടർന്ന് മത്താല അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ മൃതദേഹങ്ങൾ ഇറാനിലേക്ക് കൊണ്ടുപോയി.
രക്ഷപ്പെട്ടവർ ചികിത്സയിൽ
ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട 32 നാവികർ ശ്രീലങ്കയിലെ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
അതേസമയം സാങ്കേതിക തകരാറിനെ തുടർന്ന് ശ്രീലങ്കയിലെത്തിയ മറ്റൊരു ഇറാനിയൻ കപ്പലായ IRIS Booshehrലെ 208 ജീവനക്കാർക്ക് 30 ദിവസത്തെ പ്രവേശന വിസ അനുവദിച്ചതായി റിപ്പോർട്ടുകളുണ്ട്.
നയതന്ത്ര സമ്മർദ്ദം
ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് അമേരിക്ക ശ്രീലങ്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ അമേരിക്കയും ഇറാനും ശ്രീലങ്കയുടെ പ്രധാന വ്യാപാര പങ്കാളികളായതിനാൽ ഈ വിഷയം രാജ്യത്തിന് നയതന്ത്രപരമായ വെല്ലുവിളിയാണെന്ന് വിലയിരുത്തപ്പെടുന്നു.








































