കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനിയായ വിദ്യാർത്ഥിനി ശ്രീനന്ദ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്.
ഈ മാസം 4-ാം തീയതി കുടുംബാംഗങ്ങളടങ്ങിയ ഏകദേശം 40 പേരുടെ സംഘത്തോടൊപ്പം ചിക്കമഗളൂരുവിലെ ബാബാബുഡൻ ഗിരികുന്നിലെ മാണിക്യധാര വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെയാണ് ശ്രീനന്ദ കാണാതായത്. തുടർന്ന് പൊലീസ്, ഫയർഫോഴ്‌സ്, വനവകുപ്പ്, എസ്‌ഡിആർഎഫ് സംഘങ്ങൾ ഉൾപ്പെടെ വലിയ തിരച്ചിൽ നടത്തിയിരുന്നു.
നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ, ആഴമേറിയ താഴ്വരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലം മുൻപ് പരിശോധിച്ചിരുന്നുവെന്നും, കാണാതായിട്ട് നാലുദിവസമായിട്ടും മൃതദേഹത്തിന് അത്ര പഴക്കമില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
കൂടാതെ, ശ്രീനന്ദ അവസാനമായി കണ്ട സ്ഥലവും മൃതദേഹം കണ്ടെത്തിയ സ്ഥലവും തമ്മിൽ വ്യത്യാസമുണ്ടെന്നും, അവൾ ആ ഭാഗത്തേക്ക് പോയിട്ടില്ലെന്നുമാണ് കുടുംബം പറയുന്നത്. ചില സ്ഥലങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിയില്ലെന്നും നാട്ടുകാരെയും കടയുടമകളെയും ചോദ്യം ചെയ്തിട്ടില്ലെന്നും അവർ ആരോപിക്കുന്നു.
അതേസമയം, അപകടത്തിൽ വീണതാകാമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ടെങ്കിലും, കുടുംബം തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടി സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. റിപ്പോർട്ട് പുറത്തുവന്ന ശേഷമേ മരണകാരണം സംബന്ധിച്ച വ്യക്തത ലഭിക്കൂ. പൊലീസ് എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം ശക്തമാക്കിയതായി അറിയിച്ചു.











































