ഇന്ത്യൻ തീയേറ്റർ അവാർഡുകളിൽ ഓസ്കർ എന്നറിയപ്പെടുന്ന ഡൽഹി മഹീന്ദ്ര എക്സലൻസ് ഇൻ തിയേറ്റർ അവാർഡ്സിൽ (മെറ്റ)
ഒ ടി ഷാജഹാൻ സംവിധാനം ചെയ്ത “ധോമി കിത കിത ധോമി” രണ്ട് ഇനങ്ങളിൽ അവാർഡുകൾ നേടി തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചു.
422 നാടകങ്ങളിൽ 11 നോമിനേഷനോട് കൂടി തിരഞ്ഞെടുക്കപ്പെട്ട നാടകം അന്തിമ പട്ടികയിൽ മികച്ച നാടക രചന, മികച്ച കൊറിയോഗ്രാഫി എന്നീ ഇനങ്ങളിലാണ് അവാർഡ് കരസ്ഥമാക്കിയത്. ഇതിവൃത്തത്തിൽ ശ്രദ്ധേയമായ ഈ നാടകം മെറ്റ
മുൻകൈയ്യെടുത്ത് 2027-ൽ നടക്കുന്ന മെറ്റാ ഫെസ്റ്റിവെലിൽ ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ പ്രസിദ്ധീകരിക്കുമെന്ന് ഫെസ്റ്റിവെൽ ഡയറക്ടർ ആയ സഞ്ജയ് റോയ് പ്രഖ്യാപിച്ചു.
രാമായണ കഥയിലെ ശൂർപ്പണഘയെ ഇതിവൃത്തമാക്കി മുന്നോട്ടുപോയ ഈ നാടകം ആധുനിക ഇന്ത്യയുടെ വികലമായ ജാതിമത ചിന്തകളെ പൊളിച്ചടുക്കുന്ന ശ്രദ്ധേയമായ സൃഷ്ടിയാണെന്ന് മുൻ നാഷണൽ അവാർഡ് ജേതാവും, മെറ്റാ അവാർഡ് ജൂറി ചീഫുമായ രജത് കപൂർ അഭിപ്രായപ്പെട്ടു.
ശ്രീലങ്കൻ കലാരൂപമായ കാണ്ടിയൻ നൃത്തം, കോൽക്കലി, പരിചമുട്ട് കളി, ചാക്യാർ കൂത്ത്, പൂരക്കളി മുതലായ നാടൻ കലാരൂപങ്ങളുടെ ചുവടു വെച്ച് മുന്നോട്ട് പോയ നാടകം മികച്ച കൊറിയോഗ്രാഫിക്ക് തിരഞ്ഞെടുത്തപ്പോൾ പ്രവാസി നാടക രംഗത്ത് ശ്രദ്ധേയനായ ഒ ടി ഷാജഹാൻ രണ്ട് അവാർഡുകൾ നേടി മെറ്റയിൽ മലയാള നാടകരംഗത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.
ഇതിനകം തന്നെ ഇൻ്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവെൽ പൂനെ, ഡൽഹിയിൽ ഇനി വരാനിരിക്കുന്ന ഐ എച്ച് സി തിയറ്റർ ഫെസ്റ്റിവൽ, മെറ്റ യുടെ തന്നെ മേൽനോട്ടത്തിലുള്ള മുംബൈ തിയേറ്റർ ഫെസ്റ്റിവലിലും ഒപ്പം കേരളത്തിലും, നാടക അവതരണത്തിന് തയ്യാറായി നിൽക്കുകയാണ് തിയേറ്റർ ദുബൈയുടെ നാടക പ്രവർത്തകർ







































