യൂണിയന്റെ 55-ാം വാർഷികത്തിന് മുന്നോടിയായി വിവിധ മേഖലകളിൽ മികവ് തെളിയിച്ച 55 പ്രമുഖർക്കൊപ്പം ശൈഖ് മുഹമ്മദ് പതാക ദിനാചരണത്തിൽ പങ്കാളിയായി.
അബൂദബി, യുഎഇ — ദേശീയ പതാക ദിനത്തിൽ അബൂദബിയിലെ ചരിത്രപ്രസിദ്ധമായ ഖസ്ർ അൽ ഹൊസ്നിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദേശീയ പതാക ഉയർത്തി. യൂണിയൻ രൂപീകരണത്തിന്റെ 55 വർഷങ്ങളെ പ്രതിനിധീകരിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച 55 സ്വദേശി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഡിസംബർ 2-ന് രാജ്യം 55-ാം ദേശീയ ദിനം ആഘോഷിക്കാനിരിക്കെയാണ് വ്യത്യസ്ത മേഖലകളിൽ രാജ്യത്തിന് സംഭാവന നൽകിയ വ്യക്തികളെ ഉൾപ്പെടുത്തി പതാക ദിന ചടങ്ങുകൾ സംഘടിപ്പിച്ചത്.
യൂണിയന്റെ 55 വർഷങ്ങളെ പ്രതിനിധീകരിക്കുന്ന 55 പ്രമുഖർക്കൊപ്പം ഖസ്ർ അൽ ഹൊസ്നിൽ പതാക ഉയർത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ശൈഖ് മുഹമ്മദ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു.
1971-ൽ യുഎഇക്ക് അടിത്തറയിട്ട രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും മറ്റ് സ്ഥാപക നേതാക്കളുടെയും പൈതൃകത്തെയും സംഭാവനകളെയും യുഎഇ പ്രസിഡന്റ് അനുസ്മരിച്ചു. സ്ഥാപക നേതാക്കൾ തുടങ്ങിയ യാത്രയെ അഭിമാനത്തോടെ ഓർക്കുമ്പോൾ തന്നെ, ജനങ്ങളുടെ നിശ്ചയദാർഢ്യത്തിലും കഠിനാധ്വാനത്തിലും പൂർണ വിശ്വാസമുണ്ടെന്നും ആ ആത്മവിശ്വാസമാണ് രാജ്യത്തിന്റെ മുന്നേറ്റത്തിനും സമൃദ്ധിക്കും കരുത്തേകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ വർഷവും നവംബർ 3-നാണ് യുഎഇയിൽ പതാക ദിനം ആചരിക്കുന്നത്. ഏഴ് എമിറേറ്റുകളിലുമുള്ള സ്വദേശികളും വിദേശികളും വിവിധ സ്ഥാപനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചടങ്ങുകളിൽ പങ്കുചേരുന്നു. അബൂദബിയിലെ ഏറ്റവും പഴക്കം ചെന്ന നിർമിതിയായ ഖസ്ർ അൽ ഹൊസ്ൻ മുൻവർഷങ്ങളിലും പതാക ദിനാഘോഷങ്ങൾക്ക് വേദിയായിട്ടുണ്ട്.










