അബൂദബി: സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിനായി യു.എ.ഇ 20 അത്യാധുനിക സി-390 സൈനിക വിമാനങ്ങൾ സ്വന്തമാക്കാൻ കരാർ ഒപ്പുവെച്ചു. ബ്രസീലിയൻ വിമാന നിർമ്മാതാക്കളായ എംബ്രെയർ കമ്പനിക്കൊപ്പമാണ് കരാർ.
വൈസ് പ്രസിഡന്റും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻയുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. മിഡിൽ ഈസ്റ്റിൽ സി-390 വിമാനങ്ങൾ സ്വന്തമാക്കുന്ന ആദ്യ രാജ്യമായി യു.എ.ഇ മാറും.
സൈനികരെ വേഗത്തിൽ വിന്യസിക്കൽ, കാർഗോ ഗതാഗതം, എയർഡ്രോപ്പ് ഓപ്പറേഷനുകൾ, മാനുഷിക സഹായ പ്രവർത്തനങ്ങൾ, മെഡിക്കൽ ഒഴിപ്പിക്കൽ (മെഡിവാക്) എന്നിവയ്ക്ക് ഈ വിമാനങ്ങൾ ഉപയോഗിക്കാനാകും. വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും സാങ്കേതിക പിന്തുണയും എംബ്രെയറാണ് നിർവഹിക്കുക.
കരാർ പ്രകാരം 20 വിമാനങ്ങളിൽ 10 എണ്ണം നിർബന്ധമായും വാങ്ങണം. ശേഷിക്കുന്ന 10 എണ്ണം ആവശ്യാനുസരണം പിന്നീട് സ്വന്തമാക്കാം. ഈ കരാറോടെ സി-390 സ്വന്തമാക്കുന്ന ലോകത്തിലെ 20-ാമത്തെ രാജ്യമായി യു.എ.ഇ മാറുമെന്ന് എംബ്രെയർ പ്രതിരോധ വിഭാഗം മേധാവി ബോസ്കോ ഡാ കോസ്റ്റ ജൂനിയർ വ്യക്തമാക്കി.
പശ്ചിമേഷ്യ തന്ത്രപ്രധാന വിപണിയായതിനാൽ സി-390യും സൂപ്പർ ടുകാനോ പോർവിമാനവും മേഖലയിൽ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിനുമുമ്പ് സ്വീഡൻ, നെതർലൻഡ്‌സ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും സി-390 വിമാനങ്ങൾക്കായി കരാർ ഒപ്പുവെച്ചിട്ടുണ്ട്.
യു.എ.ഇയുമായുള്ള പുതിയ കരാറിനെ തുടർന്ന് എംബ്രെയറിന്റെ ഓഹരി മൂല്യത്തിൽ ഏകദേശം 2.5 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. വരും 20 വർഷത്തിനിടെ ആഗോളമായി മിലിറ്ററി കാർഗോ വിമാനങ്ങൾക്ക് 400 മുതൽ 480 വരെ ആവശ്യകത ഉയരുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.







































