ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിപണിയിൽ അവശ്യസാധനങ്ങളുടെ വില അന്യായമായി വർധിപ്പിക്കുന്നതിനെതിരെ യുഎഇ സാമ്പത്തിക മന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചു. രാജ്യത്തെ വിവിധ വിപണികളിൽ നടത്തിയ വ്യാപക പരിശോധനകളിൽ 554 നിയമലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.
സാമ്പത്തിക വികസന വകുപ്പുകളുമായി ചേർന്ന് നടത്തിയ 4,468 പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇതിൽ പ്രധാനമായും ന്യായീകരണമില്ലാതെ സാധനങ്ങളുടെ വില വർധിപ്പിച്ചതാണ് കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് 449 വ്യാപാരികൾക്കും വിതരണക്കാർക്കും ഔദ്യോഗിക മുന്നറിയിപ്പ് നൽകുകയും മൊത്തം 1,76,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു.
ദുബായിലെ അൽ അവീർ സെൻട്രൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റിൽ സാമ്പത്തിക മന്ത്രിയും ഉന്നത ഉപഭോക്തൃ സംരക്ഷണ സമിതി ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മന്ത്രാലയം ഈ വിവരങ്ങൾ പുറത്തുവിട്ടത്.
മന്ത്രാലയം അവശ്യസാധനങ്ങളുടെ ലഭ്യതയും സ്റ്റോക്ക് നിലയും പ്രതിദിനം നിരീക്ഷിക്കുന്നതായും ഓരോ സാധനത്തിന്റെ ലഭ്യതയെക്കുറിച്ച് കൃത്യമായ വിലയിരുത്തൽ നടത്തുന്നതായും അറിയിച്ചു.
റമസാനിൽ പ്രത്യേക നിരീക്ഷണം
വിശുദ്ധ റമസാൻ മാസത്തിൽ വിപണിയിൽ വില സ്ഥിരത ഉറപ്പാക്കാൻ പ്രത്യേക കർമപദ്ധതിയും മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്. റമസാൻ കാലയളവിൽ 420-ലധികം പരിശോധനകൾ നടത്താനാണ് പദ്ധതി.
വിലകൾ നേരിട്ട് നിരീക്ഷിക്കാൻ അത്യാധുനിക ഇലക്ട്രോണിക് സംവിധാനവും മന്ത്രാലയം ഉപയോഗിക്കുന്നു. രാജ്യത്തെ അവശ്യസാധനങ്ങളുടെ ആഭ്യന്തര വ്യാപാരത്തിന്റെ 90 ശതമാനം കൈകാര്യം ചെയ്യുന്ന 627 പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
അന്യായമായ വില വർധനവ് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ഉപഭോക്താക്കളോട് മന്ത്രാലയം നിർദേശിച്ചു. റമസാൻ കാലത്ത് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
English Summary: The UAE Ministry of Economy has taken strict action against unjustified price hikes on essential goods amid regional tensions. During 4,468 market inspections, authorities identified 554 violations, mainly related to unfair price increases. Around 449 traders received warnings and fines totaling AED 176,000. The ministry has also launched special monitoring during Ramadan to ensure price stability and availability of essential items.







































