ദുബായ് : ദൈനംദിന ആവശ്യങ്ങൾക്കായി സ്കൂൾ, ആശുപത്രി, ഷോപ്പിങ് സെന്റർ, പാർക്ക്, മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് നടന്നോ സൈക്കിളിലോ 20 മിനിറ്റിനുള്ളിൽ എത്തിച്ചേരാൻ സാധിക്കുന്ന 20-മിനിറ്റ് സിറ്റി പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് പരിസ്ഥിതി സൗഹൃദ 20-മിനിറ്റ് സിറ്റി പദ്ധതി നടപ്പിലാക്കുന്നത്.ഇതിന്റെ ഭാഗമായി ഓരോ താമസമേഖലയിലും സംയോജിത സേവന കേന്ദ്രങ്ങൾ നിർമിക്കും. ഇതുവഴി ദൂരസ്ഥലങ്ങളിലേക്ക് വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കാം. കാറുകളുടെ ഉപയോഗം കുറച്ച് നടത്തവും സൈക്കിൾ യാത്രയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ നഗരത്തിലെ മലിനീകരണം കുറയ്ക്കാനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ജനസംഖ്യയുടെ 55 ശതമാനത്തെ പൊതുഗതാഗത സ്റ്റേഷനുകളുടെ (മെട്രോ, ബസ്) 800 മീറ്റർ പരിധിയിൽ കൊണ്ടുവരിക എന്നതും പദ്ധതിയുടെ ഭാഗമാണ്. പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ അൽ ബർഷ-2 മേഖലയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിന്റെ വിജയത്തെ തുടർന്ന് കരാമ, ഖിസൈസ്, അൽബർഷയുടെ മറ്റു മേഖലകൾ എന്നിവിടങ്ങളിലേക്കു വ്യാപിപ്പിക്കും.വേനലിലും നടന്നു ലക്ഷ്യസ്ഥാനത്തെത്താവുന്ന വിധത്തിൽ 20 മിനിറ്റ് സിറ്റിയിൽ തണലുള്ള നടപ്പാതകളും സുരക്ഷിത സൈക്കിൾ ട്രാക്കുകളും സജ്ജമാക്കും. നൂതന നഗരത്തിൽ താമസിക്കാൻ കൂടുതൽ പേർ താൽപര്യപ്പെടുന്നതോടെ വാടകയും വസ്തുവിലയും ഉയരാനും ഇടയാക്കും. താമസസ്ഥലത്തുനിന്ന് പരമാവധി 800 മീറ്ററിനുള്ളിൽ മെട്രോ സ്റ്റേഷനോ ബസ് സ്റ്റോപ്പോ ഉണ്ടാകും. ഇത് ഓഫിസിലേക്കോ മറ്റ് ദൂരസ്ഥലങ്ങളിലേക്കോ യാത്ര എളുപ്പമാക്കും.ചെറിയ ആവശ്യങ്ങൾക്ക് സ്വകാര്യവാഹനം എടുക്കുന്നത് കുറയുന്നതോടെ താമസ മേഖലയിലെ റോഡുകളിലെ തിരക്കും ബഹളവും കുറയും. പൊതുഗതാഗതം കൂടുതൽ (മെട്രോ, ബസ്) ഉപയോഗിക്കുന്നതിനാൽ കാർ യാത്രയ്ക്കും പെട്രോളിനും ചെലവാക്കുന്ന തുക ലാഭിക്കാം. വാടക വർധന ഒരു പരിധിവരെ നേരിടാനും ഇതു സഹായിക്കും.









































