ഗൾഫ് മേഖലയിലെ പ്രധാന റൂട്ടുകൾ നിലനിർത്തി എമിറേറ്റ്സും ഇത്തിഹാദും; ടിക്കറ്റ് പരിശോധിച്ച ശേഷം മാത്രം വിമാനത്താവളങ്ങളിലേക്ക് എത്താൻ യാത്രക്കാർക്ക് നിർദേശം
ദുബായ്, സെപ്റ്റംബർ 17, 2026 : മേഖലയിലെ വ്യോമപാതകളിൽ തുടരുന്ന അനിശ്ചിതത്വത്തെയും വർധിച്ചുവരുന്ന ഇന്ധനവിലയെയും തുടർന്ന് യുഎഇ വിമാനത്താവളങ്ങളിൽ വ്യാഴാഴ്ചയും സർവീസുകൾ ഭാഗികമായി തടസ്സപ്പെട്ടു. പ്രാദേശിക സർവീസുകൾ ഭൂരിഭാഗവും നിലനിർത്തി യുഎഇ വിമാനക്കമ്പനികൾ സർവീസ് നടത്തുമ്പോൾ, യൂറോപ്യൻ-ഏഷ്യൻ വിമാനക്കമ്പനികളുടെ റദ്ദാക്കലുകൾ തുടരുകയാണ്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം, ഷാർജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ സർവീസുകളിൽ ക്രമീകരണം ഏർപ്പെടുത്തി. പ്രധാന അന്താരാഷ്ട്ര റൂട്ടുകൾ പലതും ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നുണ്ടെങ്കിലും മേഖലയിലെ വ്യോമാതിർത്തി പ്രതിസന്ധി വ്യോമയാന മേഖലയെ സാരമായി ബാധിക്കുന്നുണ്ട്.
ദുബായിൽ നിന്ന് പെഷവാറിലേക്കുള്ള എമിറേറ്റ്സ് വിമാനം (EK636), കുവൈത്തിലേക്കുള്ള ജസീറ എയർവേസ് സർവീസുകൾ (J9122, J9124), ദമാസ്കസിലേക്കുള്ള സിറിയൻ എയർ (RB518) എന്നിവ റദ്ദാക്കി. എമിറേറ്റ്സിന്റെ കൊണാക്രി സർവീസും (EK797) നേപ്പാൾ എയർലൈൻസിന്റെ കാഠ്മണ്ഡു വിമാനവും (RA230) വൈകിയാണ് പുറപ്പെട്ടത്. അബുദാബി സായിദ് വിമാനത്താവളത്തിൽ രാവിലെ കാര്യമായ സർവീസ് തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും യാത്രക്കാർ വിമാന വിവരങ്ങൾ മുൻകൂട്ടി പരിശോധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ഷാർജയിൽ നിന്നുള്ള എയർ അറേബ്യയുടെ കുവൈത്ത് (G9068, G9124), ബഹ്റൈൻ (G9107) സർവീസുകൾ റദ്ദാക്കി. എയർ അറേബ്യ അബുദാബിയുടെ കുവൈത്ത് സർവീസും (3L020) മുടങ്ങി. ഫ്ലൈദുബായിയുടെ യാൻബു (FZ817), അബഹ (FZ815) വിമാനങ്ങളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളങ്ങളിൽ എത്തണമെന്ന് ഫ്ലൈദുബായ് നിർദേശിച്ചു.
ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിലെത്തിയതും വിമാന ഇന്ധന വിലയിലുണ്ടായ 6.1 ശതമാനം വർധനയും എയർലൈനുകൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. യുഎസ്-ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചെങ്കിലും ഔദ്യോഗിക വെടിനിർത്തൽ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഇതോടെ യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് യുഎസ്, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ട്രാവൽ അഡ്വൈസറിയിലൂടെ വ്യക്തമാക്കി. യുഎഇയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന കർശന നിർദേശം ബ്രിട്ടൻ പിൻവലിച്ചെങ്കിലും സർവീസുകൾ എപ്പോൾ വേണമെങ്കിലും റദ്ദാക്കപ്പെടാമെന്ന മുന്നറിയിപ്പ് നിലനിർത്തിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയിൽ നിന്നുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ഗൾഫ് മേഖലയിലേക്കുള്ള ആഴ്ചയിലെ 780-ഓളം സർവീസുകൾ സാധാരണ നിലയിൽ നടത്തുന്നുണ്ട്. ഇൻഡിഗോയും തിരഞ്ഞെടുത്ത സർവീസുകൾ തുടരുന്നു. ടർക്കിഷ് എയർലൈൻസും ഖത്തർ എയർവേസും ദുബായ്, അബുദാബി സർവീസുകൾ നിലനിർത്തിയിട്ടുണ്ട്.
എന്നാൽ യൂറോപ്പിൽ നിന്നുള്ള പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ നീട്ടിവെച്ചിരിക്കുകയാണ്. ലുഫ്താൻസ, സ്വിസ്, യൂറോവിങ്സ്, ഇറ്റാ എയർവേസ്, ഫിൻഎയർ, എയർബാൾട്ടിക് എന്നിവ ഒക്ടോബർ 24 വരെ ദുബായ് സർവീസുകൾ നിർത്തിവെച്ചു. എയർ കാനഡ 2027 ജനുവരി പകുതി വരെയും കാത്തേ പസഫിക് നവംബർ 30 വരെയും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഫിലിപ്പൈൻ എയർലൈൻസ് ഒക്ടോബർ രണ്ടു വരെയും എയർ ഫ്രാൻസ് സെപ്റ്റംബർ 19 വരെയും വിമാനങ്ങൾ ഒഴിവാക്കി.
വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുടെ ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് നേരിട്ട് പരിശോധിക്കണമെന്ന് വിമാനത്താവള അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.










