അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം രാജ്യത്തെ എല്ലാ എമിറേറ്റുകളെയും കോർത്തിണക്കി നടപ്പാക്കുന്ന ഏകീകൃത ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, യുഎഇയുടെ ആരോഗ്യമേഖലയിൽ ചരിത്രപരമായ നാഴികക്കല്ലാണെന്ന് ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. സ്വദേശികളായ എല്ലാ പൗരന്മാർക്കും കൂടുതൽ സുസ്ഥിരവും സമഗ്രവുമായ ആരോഗ്യ പരിരക്ഷയും ചികിത്സയും ഉറപ്പാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇൻഷുറൻസ് ലഭ്യമാക്കിയ എമിറേറ്റ്, താമസസ്ഥലം എന്നിവ പരിഗണിക്കാതെ യുഎഇയിലെ ഏത് ഭാഗത്തുള്ള അത്യാധുനിക ആശുപത്രികളിലും പൗരന്മാർക്ക് ഇനി മുതൽ എളുപ്പത്തിൽ വിദഗ്ദ്ധ ചികിൽസ തേടാനാകും. ഭൂമിശാസ്ത്രപരമായ അതിർവരമ്പുകൾ ഇല്ലാതാക്കുന്ന ഈ പദ്ധതി, ചികിൽസയുടെ തുടർച്ച ഉറപ്പാക്കാനും മികച്ച ആശുപത്രികളിലെ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കാനും സഹായിക്കും. രോഗം വന്നതിന് ശേഷമുള്ള ചികിത്സ എന്നതിലുപരി, രോഗപ്രതിരോധത്തിനും ജനങ്ങളുടെ ദീർഘകാല ആരോഗ്യ സംരക്ഷണത്തിനും മുൻഗണന നൽകുന്ന കൂടുതൽ കാര്യക്ഷമമായ ഡിജിറ്റൽ ഹെൽത്ത് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാൻ ഇത് വഴിയൊരുക്കുമെന്നും ഡോ. ഷംഷീർ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ഈ പുതിയ പരിവർത്തനത്തിൽ പങ്കാളികളാകുന്നത് വലിയൊരു ഉത്തരവാദിത്തമായാണ് ബുർജീൽ ഹോൾഡിംഗ്സ് കാണുന്നത്. അത്യാധുനിക ചികിൽസാ സൗകര്യങ്ങൾ വിപുലീകരിച്ചും സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയും രോഗികൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യ സംരക്ഷണ രംഗത്ത് ആഗോളതലത്തിൽ യുഎഇയെ മുൻപന്തിയിലെത്തിക്കാൻ ഈ ഏകീകൃത ഇൻഷൂറൻസ് പദ്ധതി സഹായിക്കുമെന്നും ഡോ. ഷംഷീർ വയലിൽ കൂട്ടിച്ചേർത്തു.













































