ദുബായ്:ആഗോളസമാധാനത്തിനും മാനുഷിക സേവനങ്ങള്‍ക്കും യു.എ.ഇ.നല്‍കുന്ന സംഭാവനകള്‍ മുന്‍നിര്‍ത്തി യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സമാധാനത്തിനുള്ള നൊബേലിന് നാമനിര്‍ദേശം ചെയ്യും. ദുബായില്‍ നടന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ ടിമോര്‍-ലെസ്‌റ്റെ പ്രസിഡന്റും നൊബേല്‍ ജേതാവുമായ ജോസ് റാമോസ്-ഹോര്‍ട്ട ആണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ലോകത്തിനറിയാമെങ്കിലും രാജ്യം നടത്തുന്ന മാനുഷികപ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് യു.എ.ഇ.എന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പരിഹരിക്കുന്നതില്‍ യു.എ.ഇ.പ്രസിഡന്റ് നടത്തുന്ന മധ്യസ്ഥശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഗാസയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ് ആശുപത്രികളുടെ സ്ഥാപനം, പരിക്കേറ്റവര്‍ക്കുള്ള സഹായവും ചികിത്സയും എന്നിവയെയെല്ലാം ജോസ് റാമോസ്-ഹോര്‍ട്ട പ്രശംസിച്ചു. ആഫ്രിക്ക, ഏഷ്യ, മിഡിലീസ്റ്റ് എന്നിവിടങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളിലും പ്രതിസന്ധിഘട്ടങ്ങളില്‍ ശ്രീലങ്കക്ക് നല്‍കിയ പിന്തുണയിലും യു.എ.ഇയുടെ കയ്യൊപ്പുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു









































