ദുബൈ: എബോള വൈറസ് വ്യാപന സാധ്യത മുൻനിർത്തി യു.എ.ഇ പുതിയ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു. എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പുതിയ വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. 2026 ജൂൺ 6 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.
രാജ്യത്തെ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്‌മെന്റ് അതോറിറ്റിയും (NCEMA) ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും (ICP) വ്യക്തമാക്കി.
പുതിയ നിർദേശപ്രകാരം, ഈ മൂന്ന് രാജ്യങ്ങളിൽ നിന്ന് നേരിട്ടോ മറ്റ് രാജ്യങ്ങൾ വഴി ട്രാൻസിറ്റ് യാത്ര നടത്തിയോ യു.എ.ഇയിലേക്ക് എത്തുന്നവർക്കും നിയന്ത്രണം ബാധകമായിരിക്കും. എന്നാൽ, യു.എ.ഇയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഈ രാജ്യങ്ങൾക്ക് പുറത്തായി 21 ദിവസത്തിലധികം താമസിച്ചിട്ടുള്ള യാത്രക്കാർക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനാനുമതി ലഭിക്കൂ.
അതേസമയം, കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളുമായുള്ള ചരക്ക് വിമാന സർവീസുകൾക്ക് നിയന്ത്രണം ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു. ചരക്ക് ഗതാഗതം നിലവിലെ ക്രമത്തിൽ തുടരുമെന്നും വ്യക്തമാക്കി.
എബോള വൈറസുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങൾ യു.എ.ഇ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ആരോഗ്യ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമെങ്കിൽ നിലവിലെ നിയന്ത്രണങ്ങൾ നീട്ടുകയോ കൂടുതൽ നടപടികൾ സ്വീകരിക്കുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
എൻ.സി.ഇ.എം.എയും ഐ.സി.പിയും ആരോഗ്യ-പ്രതിരോധ മന്ത്രാലയവും പ്രാദേശിക, അന്തർദേശീയ ആരോഗ്യ ഏജൻസികളുമായി സഹകരിച്ച് രോഗവ്യാപന സാധ്യതകൾ നിരീക്ഷിക്കുമെന്നും വ്യക്തമാക്കി. വിമാനത്താവളങ്ങളിലെ പരിശോധനകൾ, യാത്രക്കാരുടെ ആരോഗ്യ നിരീക്ഷണം, രോഗലക്ഷണങ്ങൾ നേരത്തേ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങളുടെ സജ്ജീകരണങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ പൊതുജനാരോഗ്യ സാഹചര്യം സുരക്ഷിതമാണെന്നും എബോള വൈറസിനെതിരായ മുൻകരുതൽ നടപടികൾ തുടരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.













