അബുദാബി∙ യുഎഇയിൽ ശക്തമായ കാറ്റും മഴയും 27 വരെ തുടരുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി. വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും ജാഗ്രത പാലിക്കണം. ആലിപ്പഴം വീണ് ചില്ലുകൾ തകരാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഷെഡുകളിലോ സുരക്ഷിതമായ പാർക്കിങ് ഏരിയകളിലോ മാറ്റണം. റോഡരികിൽ മരങ്ങൾക്കു താഴെ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം.
കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. വാദികളിലേക്കോ മലയോര മേഖലകളിലേക്കോ പോകുന്നത് കർശനമായി നിരോധിച്ചു. ആലിപ്പഴം വീഴുമ്പോൾ പുറത്തിറങ്ങുന്നത് അപകടകരമാണ്. ഗ്ലാസ് ജനാലകളിൽ നിന്നും വാതിലുകളിൽ നിന്നും വിട്ടുനിൽക്കണം.
ഇടിമിന്നലുള്ള സമയത്ത് പുറത്തുള്ള വൈദ്യുത ഉപകരണങ്ങൾ കൈകാര്യം ചെയ്യരുത്. ഗതാഗതം മന്ദഗതിയിലാകാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്കു പോകുന്നവർ നേരത്തെ ഇറങ്ങണം. നാലു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് വിമാന കമ്പനികൾ. റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകളിലോ പുറത്തേക്ക് തള്ളിനിൽക്കുന്ന വയറുകളിലോ തൊടരുത്.















































