എഐ കാലത്തെ പ്രതിസന്ധി പരിഹാരവും ഡിജിറ്റൽ നയതന്ത്രവും മുൻനിർത്തി അബൂദബി അൻവർ ഗർഗാഷ് അക്കാദമിയിൽ നടന്ന പരിശീലനം സമാപിച്ചു.
അബൂദബി — പശ്ചിമേഷ്യയിലെയും ആഗോളതലത്തിലെയും സമകാലിക വെല്ലുവിളികളെ അഭിമുഖീകരിക്കാൻ യുവ നയതന്ത്ര പ്രതിഭകളെ സജ്ജരാക്കുന്ന അഞ്ചാമത് യങ് അറബ് ഡിപ്ലോമാറ്റിക് ലീഡേഴ്സ് (YADL) പ്രോഗ്രാം അബൂദബിയിൽ സമാപിച്ചു. 15 അറബ് രാജ്യങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 53 യുവ നയതന്ത്ര പ്രതിനിധികൾ മൂന്നാഴ്ച നീണ്ട സമഗ്ര പരിശീലനം വിജയകരമായി പൂർത്തിയാക്കി ബിരുദം നേടി.


യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് അബൂദബിയിലെ അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമിയിൽ പ്രോഗ്രാം സംഘടിപ്പിച്ചത്. അറബ് യൂത്ത് സെന്ററും യുഎഇ വിദേശകാര്യ മന്ത്രാലയവും വിവിധ അന്താരാഷ്ട്ര നയതന്ത്ര സ്ഥാപനങ്ങളും ചേർന്നാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ് ചെയർമാനും അറബ് യൂത്ത് സെന്റർ വൈസ് ചെയർമാനുമായ ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമി, യുഎഇ പ്രസിഡന്റിന്റെ സാംസ്കാരിക ഉപദേഷ്ടാവും അക്കാദമി ട്രസ്റ്റി ബോർഡ് അംഗവുമായ സാക്കി അൻവർ നുസൈബെ, യുവജനകാര്യ സഹമന്ത്രി ഡോ. സുൽത്താൻ ബിൻ സെയ്ഫ് അൽ നെയാദി, വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഒമർ ഉബൈദ് അൽഹസൻ അൽ ശംസി എന്നിവർ സമാപന ചടങ്ങിൽ സംബന്ധിച്ചു.
സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മാധ്യമങ്ങൾ, അന്താരാഷ്ട്ര കോർപ്പറേറ്റ് ഇടപെടലുകൾ എന്നിവ ആഗോള വിദേശനയത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നാണ് ഈ വർഷത്തെ പ്രോഗ്രാം പ്രധാനമായും പരിശോധിച്ചത്. ‘ഡിപ്ലോമസി അണ്ടർ ദി മൈക്രോസ്കോപ്പ്: ഇന്നലത്തെ മാർഗങ്ങൾക്ക് ഇന്നത്തെ ലോകത്തെ നയിക്കാനാകുമോ?’ എന്ന പ്രമേയത്തിലായിരുന്നു പരിശീലനം.
രണ്ട് ഘട്ടങ്ങളായുള്ള ഓൺലൈൻ പഠനത്തിനും അബൂദബിയിൽ നടന്ന നേരിട്ടുള്ള വിദഗ്ധ പരിശീലനത്തിനും ശേഷമാണ് കോഴ്സ് പൂർത്തിയായത്. നയതന്ത്ര തലത്തിലെ സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കൽ, അന്താരാഷ്ട്ര ചർച്ചകൾ നയിക്കൽ, ബഹുരാഷ്ട്ര പ്രതിസന്ധി പരിഹാരം, പുതിയ നൂറ്റാണ്ടിലെ ആഗോള ശാക്തിക ചേരികൾ, ഡിജിറ്റൽ നയതന്ത്രം തുടങ്ങിയ എട്ട് പ്രധാന വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളിൽ വ്യക്തമായ നിലപാടുകൾ സ്വീകരിക്കാനും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും യുവ നയതന്ത്രജ്ഞരെ പ്രാപ്തരാക്കേണ്ടത് അറബ് മേഖലയുടെ അനിവാര്യതയാണെന്ന് ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമി വ്യക്തമാക്കി. നയതന്ത്രജ്ഞർക്ക് ചരിത്രപരവും സാംസ്കാരികവുമായ അവബോധവും വിദേശ സമൂഹങ്ങളുമായി ആശയവിനിമയം നടത്താനുള്ള കഴിവും അനിവാര്യമാണെന്ന് സാക്കി അൻവർ നുസൈബെ ചൂണ്ടിക്കാട്ടി.
യഥാർത്ഥ നയതന്ത്ര പ്രതിസന്ധികൾക്ക് സമാനമായ സിമുലേഷൻ പരിശീലനങ്ങളാണ് ഉദ്യോഗസ്ഥർക്ക് നൽകിയത്. അതിവേഗ തീരുമാനങ്ങൾ കൈക്കൊള്ളൽ, അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ ശബ്ദമുയർത്തൽ തുടങ്ങിയവയിൽ പ്രായോഗിക പരീക്ഷണങ്ങൾ നടന്നു. പങ്കെടുത്ത 53 ഉദ്യോഗസ്ഥർക്കും ശൈഖ് റാശിദ് ബിൻ ഹുമൈദ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.










