ഉപഭോക്തൃ വിലക്കയറ്റവും ആഗോള എണ്ണവിലയിലെ അസ്ഥിരതയും തുടരുന്ന പശ്ചാത്തലത്തിൽ വായ്പാ നിരക്കുകൾ നിലവിലെ നിലയിൽ തുടരാൻ സാധ്യത.
ദുബായ്: യുഎസ് ഫെഡറൽ റിസർവ് ഈ ആഴ്ച ചേരുന്ന സാമ്പത്തിക അവലോകന യോഗത്തിൽ പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ സാധ്യത. ഡോളറുമായുള്ള വിനിമയ നിരക്ക് കണക്കിലെടുത്ത് യുഎഇ സെൻട്രൽ ബാങ്കും തങ്ങളുടെ പ്രധാന പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ല.
ബുധനാഴ്ച പ്രഖ്യാപിക്കുന്ന നയതീരുമാനത്തിൽ യുഎസ് ഫെഡറൽ റിസർവ് തങ്ങളുടെ പലിശ നിരക്ക് 3.5 ശതമാനത്തിനും 3.75 ശതമാനത്തിനും ഇടയിൽ തന്നെ നിലനിർത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പൊതുവായ വിലയിരുത്തൽ. യുഎസ് ഡോളറുമായി യുഎഇ ദിർഹം നിശ്ചിത വിനിമയ നിരക്കിൽ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, യുഎഇ സെൻട്രൽ ബാങ്കും (CBUAE) അടിസ്ഥാന പലിശ നിരക്ക് 3.65 ശതമാനമായി തുടരാനാണ് സാധ്യത.
ജൂൺ മാസത്തിൽ അമേരിക്കയിൽ ഉപഭോക്തൃ വിലക്കയറ്റ നിരക്ക് 3.5 ശതമാനമായി കുറഞ്ഞെങ്കിലും, ഇന്ധനവില മുൻവർഷത്തേക്കാൾ 15 ശതമാനത്തിലധികം ഉയർന്ന നിലയിൽ തുടരുന്നത് കേന്ദ്ര ബാങ്കുകളെ ജാഗ്രത പാലിക്കാൻ പ്രേരിപ്പിക്കുന്നു.
നിലവിലുള്ള വായ്പാ ഉപഭോക്താക്കൾക്ക് പലിശ നിരക്ക് വർദ്ധിക്കില്ല എന്നത് താൽക്കാലിക ആശ്വാസമാണെങ്കിലും, പ്രതിമാസ അടവുകളിൽ പെട്ടെന്നുള്ള കുറവ് പ്രതീക്ഷിക്കാനാകില്ല. അതേസമയം, ബാങ്ക് നിക്ഷേപകർക്ക് ഉയർന്ന നിരക്കിൽ പലിശ ലഭിക്കുന്നത് തുടരും.
വർഷത്തിന്റെ രണ്ടാം പകുതിയിലെ പലിശ നിരക്കുകളെക്കുറിച്ച് സാമ്പത്തിക വിദഗ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇന്ധനവില വീണ്ടും ഉയർന്നാൽ സെപ്റ്റംബർ മാസത്തിൽ നിരക്കുകൾ വർദ്ധിപ്പിക്കാൻ ഫെഡറൽ റിസർവ് നിർബന്ധിതമായേക്കാം എന്ന് ഒരു വിഭാഗം കരുതുന്നു.
എന്നാൽ, മോർഗൻ സ്റ്റാൻലി നൽകുന്ന സൂചനയനുസരിച്ച് 2026 അവസാനിക്കുന്നത് വരെ പലിശ നിരക്കുകൾ നിലവിലെ നിലയിൽ തുടരാനാണ് സാധ്യത. പണപ്പെരുപ്പം പൂർണ്ണമായും നിയന്ത്രണവിധേയമാകുന്നതോടെ 2027-ൽ മാത്രമേ നിരക്കുകളിൽ കുറവ് വരുത്താൻ സാധ്യതയുള്ളൂവെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
യുഎഇയിലെ ഭവന വായ്പക്കാരെ സംബന്ധിച്ചിടത്തോളം, ഫിക്സഡ് നിരക്കിൽ വായ്പയെടുത്തവർക്ക് ഇപ്പോഴത്തെ തീരുമാനങ്ങൾ ബാധകമാകില്ല. അതേസമയം, എമിറേറ്റ്സ് ഇന്റർബാങ്ക് ഓഫർഡ് റേറ്റ് (EIBOR) അടിസ്ഥാനമാക്കി വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവിൽ, റീസെറ്റ് തിയതികൾക്ക് അനുസൃതമായി മാത്രമേ മാറ്റങ്ങൾ പ്ര പ്രതിഫലിക്കുകയുള്ളൂ.
















