കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’യ്ക്ക് ഇന്ന് കാസർകോട്ട് തുടക്കമാകും. കുമ്പളയിൽ വൈകുന്നേരം നാല് മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി യാത്ര ഉദ്ഘാടനം ചെയ്യും.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ അധികാരത്തിലേറ്റുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. ഇടത് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടുകയും യുഡിഎഫിന്റെ വികസന കാഴ്ചപ്പാടുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് യാത്രയുടെ പ്രധാന ഉദ്ദേശം.
ഉദ്ഘാടനത്തിന് ശേഷം കാസർകോട്ട് ജാഥയ്ക്ക് സ്വീകരണം നൽകും. നാളെ രാവിലെ 10 മണിക്ക് ഉദുമ ടൗണിലും 11 മണിക്ക് കാഞ്ഞങ്ങാടും 12 മണിക്ക് തൃക്കരിപ്പൂരിലും സ്വീകരണ പൊതുസമ്മേളനങ്ങൾ നടക്കും.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് വയനാട്ടിൽ സ്വീകരണം ലഭിച്ചു. മാനന്തവാടി തളിപ്പുഴയിൽ ആരംഭിച്ച പരിപാടിക്ക് പിന്നാലെ ടൗണിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. ജാഥ ഇന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം മൂന്ന് മണിക്ക് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയാണ് ജാഥ നയിക്കുന്നത്.










































