മാനന്തവാടി: സുഹൃത്തിനെ രക്ഷിക്കാൻ നടത്തിയ ധീര ശ്രമം ദാരുണമായി അവസാനിച്ചു. വയനാട്-കർണാടക അതിർത്തിയായ ബാവലി പുഴയിൽ കോഴിക്കോട് സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പതിമംഗലം സ്വദേശി ആഷിഖ് (15), കൊയിലാണ്ടി സ്വദേശി അദ്‌നാൻ (17) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കോഴിക്കോട് കൊടുവള്ളി മസ്ജിദ്ദുൽ ഹസ്വ ഇശാ സുന്നി ദർസിലെ വിദ്യാർഥികളായിരുന്നു ഇവർ. മൈസൂർ ഭാഗത്തേക്ക് വിനോദയാത്ര പോയ സംഘം ഇന്ന് മടങ്ങുന്നതിനിടെ ബാവലി മഖാം ശരീഫ് സന്ദർശിക്കാൻ എത്തിയതായിരുന്നു.
ഇതിനിടെ സമീപത്തെ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുബഷീർ എന്ന വിദ്യാർഥി ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതോടെ, നീന്തൽ അറിയാവുന്ന ആഷിഖും അദ്‌നാനും സുഹൃത്തിനെ രക്ഷിക്കാൻ പുഴയിലേക്ക് ചാടി.
സാഹസികമായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ മുബഷീറിനെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും, ശക്തമായ ഒഴുക്കിൽപ്പെട്ട ആഷിഖും അദ്‌നാനും മുങ്ങിപ്പോകുകയായിരുന്നു.
ഇത് കണ്ടു ബഹളം കേട്ട് നാട്ടുകാർ ഉടൻ എത്തി ഇരുവരെയും പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ഇരുവരുടെയും മരണം സ്ഥിരീകരിച്ചു.
ഈ ദാരുണ സംഭവം പ്രദേശത്ത് വലിയ ദുഃഖം വിതച്ചിരിക്കുകയാണ്.









































