സ്പെയിനിൽ നിലവിലുള്ള എല്ലാ യുഎഇ പൗരന്മാർക്കും അതീവ ജാഗ്രതാ നിർദ്ദേശവുമായി മാഡ്രിഡിലെ യുഎഇ എംബസി. സ്പെയ്നിലെ കാലാവസ്ഥ മാറ്റത്തെതുടർന്നാണ് യുഎഇ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകയിരിക്കുന്നത്. പ്രളയസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും പ്രത്യേകിച്ച് നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്ന തെക്കൻ മേഖലകളിൽ നിന്നും പൗരന്മാർ വിട്ടുനിൽക്കണമെന്നും അധികൃതർ പ്രതികരിച്ചു.
മാഡ്രിഡിലെ പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ വിലയിരുത്താൻ ഔദ്യോഗിക കാലാവസ്ഥാ ചാനലുകൾ നിരീക്ഷിക്കണമെന്നും പൗരന്മാരോട് അഭ്യർത്ഥിച്ചു.
സ്പെയിനിലുടനീളം ലിയോനാർഡോ കൊടുങ്കാറ്റ് ശക്തമാകുകയാണ്. സ്പെയിനിന്റെ വലിയൊരു ഭാഗത്ത് അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും ഇത് കാരണമായി. പ്രളയസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് താമസക്കാരെ ഇതിനകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
കൊടുങ്കാറ്റ് കുറച്ചുദിവസം കൂടി തുടരാൻ സാധ്യതയുള്ളതിനാൽ താമസക്കാരും യാത്രക്കാരും ഒരുപോലെ ശ്രദ്ധിക്കണമെന്ന് യൂറോപ്പിലെ കാലാവസ്ഥാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
അൻഡലൂഷ്യ മേഖലയിൽ മാത്രം ഏഴായിരത്തിലധികം ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. ഗ്രസാലെമ എന്ന മലയോര ഗ്രാമത്തിൽ ബുധനാഴ്ച മുതൽ 700 മില്ലിമീറ്ററിലധികം മഴ പെയ്തു. ഇത് ഭൂഗർഭജല സ്രോതസ്സുകൾ കവിഞ്ഞൊഴുകുന്നതിനും വലിയ രീതിയിലുള്ള ഉരുൾപൊട്ടൽ ഭീഷണിക്കും കാരണമായിട്ടുണ്ട്. മുപ്പത്തിമൂന്ന് പ്രവിശ്യകളിലായി പ്രധാന റെയിൽവേ ശൃംഖലകളും റോഡുകളും തടസ്സപ്പെടുകയും, നിരവധി പാലങ്ങൾ തകരുകയും സ്‌കൂളുകൾ അടച്ചുപൂട്ടുകയും ചെയ്തു.









































