കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് മുന്നോടിയായി എസ്.ഐ.ആർ നടപടികളുടെ ഭാഗമായി ഒഴിവാക്കിയതും ചേർത്തതുമായ വോട്ടർമാരുടെ കണക്ക് വ്യക്തമാക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യ അനുബന്ധ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
ബൂത്ത് അടിസ്ഥാനത്തിലുള്ള അനുബന്ധ പട്ടിക ഇന്നലെ അർധരാത്രിയോടെ കമ്മീഷന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തു. എന്നാൽ മൊത്തം എത്ര പേരുടെ പേരുകൾ ചേർത്തതോ ഒഴിവാക്കിയതോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് കുമാർ അഗർവാൾ പറഞ്ഞു: “ഇപ്പോൾ കണക്കുകൾ ലഭ്യമല്ല. പ്രക്രിയ തുടരുകയാണ്. എത്ര പേരെ ഒഴിവാക്കി എന്നത് ഈ ഘട്ടത്തിൽ പറയാൻ സാധിക്കില്ല.”
ഫെബ്രുവരി 28ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ഏകദേശം 60 ലക്ഷം പേരെ “പരിശോധനയിൽ” എന്ന് അടയാളപ്പെടുത്തിയിരുന്നു. തുടർന്ന് സുപ്രീം കോടതിയുടെ നിർദേശപ്രകാരം 705 ജുഡീഷ്യൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഈ പേരുകൾ പരിശോധിച്ചു.
പരിശോധന പൂർത്തിയായ ഏകദേശം 29 ലക്ഷം പേരുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തിറക്കിയ അനുബന്ധ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് സൂചനയുണ്ട്. കൂടുതൽ പട്ടികകൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
പട്ടികയിൽ നിന്ന് ഒഴിവാക്കിയവർക്കു 15 ദിവസത്തിനകം ബന്ധപ്പെട്ട ട്രൈബ്യൂണലുകളിൽ അപ്പീൽ നൽകാനുള്ള അവസരമുണ്ടാകും.
294 അംഗങ്ങളുള്ള പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ 23നും 29നും നടക്കും.









































