നടൻ ബിബിൻ ജോർജ് മുഖ്യാതിഥി; സംഗീതനിശയും വൈവിധ്യമാർന്ന ഭക്ഷണശാലകളും ഒരുങ്ങുന്നു
റാസൽഖൈമ, യു.എ.ഇ — റാസൽഖൈമ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ കൊയ്ത്തുപെരുന്നാൾ നവംബർ ഒന്നിന് നടക്കും. ജസീറയിലുള്ള ദേവാലയ അങ്കണത്തിൽ വൈകുന്നേരം അഞ്ച് മണി മുതലാണ് പരിപാടികൾ ആരംഭിക്കുക.
ചലച്ചിത്ര താരം ബിബിൻ ജോർജ് ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മിമിക്രി താരം അശ്വന്ത് അനിൽകുമാർ നയിക്കുന്ന കലാപരിപാടികളും ദുബായ് വൺനെസ്സ് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും. വാദ്യമേളങ്ങളും വൈവിധ്യമാർന്ന ഭക്ഷണശാലകളും മേളയ്ക്ക് മാറ്റുകൂട്ടും.
പ്രവാസി വ്യവസായികളായ നസീർ വെളിയിൽ (ബോർഗ് റോൾസ് വാർണർ യുകെ ലിമിറ്റഡ്), ഡോ. ഷാജി കൊച്ചുകുട്ടി (സിയോമ ബിൽഡിംഗ് മെറ്റീരിയൽസ്), ബെഞ്ചമിൻ, വൈഭവ് (ഐലന്റ് പ്രോപ്പർട്ടീസ്) എന്നിവരും റാസൽഖൈമയിലെ വിവിധ സാമൂഹിക സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
ഇടവക വികാരി ഫാ. എബി കെ. രാജു, ട്രസ്റ്റി രാജേഷ് ഫിലിപ്പ് തോമസ്, സെക്രട്ടറി അജി സക്കറിയ, ജനറൽ കൺവീനർമാരായ സാം കെ. മാത്യു, അനിൽ കെ. ജോയ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.











