തിരുവനന്തപുരം:ശബരിമല സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾ നൽകിയ മൊഴികൾ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തിരിച്ചടിയാകുന്നു. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെയും മൊഴികളാണ് അന്വേഷണ ഏജൻസികൾക്ക് നിർണായകമായിരിക്കുന്നത്.ഉണ്ണികൃഷ്ണൻ പോറ്റിക്ക് കടകംപള്ളി സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന സൂചനകൾ മൊഴിയിലുണ്ട്. മന്ത്രിയാകുന്നതിന് മുൻപേ തന്നെ കടകംപള്ളി സുരേന്ദ്രനെ പരിചയമുണ്ടായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകിയതായി വിവരം. തിരുവനന്തപുരം സ്വദേശികളെന്ന നിലയിലാണ് പരിചയമെന്നുമാണ് മൊഴിയിൽ പറയുന്നത്.ദേവസ്വം ബോർഡ് മന്ത്രിയായതിന് ശേഷം കടകംപള്ളി സുരേന്ദ്രൻ പുളിമാത്തെ വീട്ടിൽ എത്തിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴിയിൽ വ്യക്തമാക്കുന്നു. എന്നാൽ ഇത് സൗഹൃദ സന്ദർശനമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.അതേസമയം, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയും കടകംപള്ളി സുരേന്ദ്രന് എതിരായതാണെന്നാണ് റിപ്പോർട്ടുകൾ. ഉണ്ണികൃഷ്ണൻ പോറ്റിയെ താൻ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ മന്ത്രി കടകംപള്ളിക്കും തന്ത്രി കണ്ഠര് രാജീവർക്കും അദ്ദേഹത്തെ അറിയാമായിരുന്നുവെന്നായിരുന്നു പത്മകുമാർ നേരത്തെ നൽകിയ മൊഴി.പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് അന്വേഷണ ഏജൻസികളുടെ നീക്കം.









































