ഷാർജ: യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഷാർജ അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ വർഷം ഷാർജ വിമാനത്താവളം വഴി 1.94 കോടി യാത്രക്കാരാണ് കടന്നുപോയത്. 2023, 2024 വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 13.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.2024ൽ ഷാർജ വിമാനത്താവളം വഴി യാത്ര ചെയ്തത് 1.71 കോടി യാത്രക്കാരായിരുന്നു. 2023ൽ ഇത് 1.53 കോടിയായിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ ഈ ഗണ്യമായ വർധനവ്, വ്യോമ ഗതാഗതത്തിലും ചരക്ക് നീക്ക രംഗത്തും ലോകത്തിലെ പ്രധാന ലക്ഷ്യകേന്ദ്രമായി ഷാർജയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതായി അധികൃതർ വ്യക്തമാക്കി.വിമാന സർവീസുകളുടെ എണ്ണത്തിലും ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഷാർജ വിമാനത്താവളം വഴി 1,16,657 വിമാനയാത്രകളാണ് നടത്തിയത്. 2024ൽ ഇത് 1,07,760 ആയിരുന്നുവെങ്കിൽ 2023ൽ 98,433 വിമാനയാത്രകളാണ് നടന്നത്. ഇതിലൂടെ ഈ രംഗത്ത് 8.3 ശതമാനത്തിന്റെ വർധനവ് കൈവരിച്ചു.കഴിഞ്ഞ മൂന്ന് വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചരക്ക് ഗതാഗത രംഗത്തും ഷാർജ വിമാനത്താവളം വലിയ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ വർഷം 16,770 ടൺ ചരക്കുകളാണ് ഷാർജ വിമാനത്താവളം വഴി കൈകാര്യം ചെയ്തത്. 2023ൽ 12,566 ടണ്ണും 2024ൽ 14,035 ടണ്ണുമായിരുന്നു ചരക്ക് നീക്കം.ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്പ് തുടങ്ങിയ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന ലോജിസ്റ്റിക് ഹബ്ബായി ഷാർജ വിമാനത്താവളം മാറിക്കൊണ്ടിരിക്കുന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സാലിം അൽ മിദ്ഫ പറഞ്ഞു. പ്രവർത്തന മികവിനായി സ്വീകരിച്ച ദീർഘകാല നയങ്ങളുടെ വിജയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലോകത്തെ പ്രധാന നഗരങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, ഷാർജയിൽ നിന്ന് തായ്ലൻഡിലെ ക്രാബി, ജർമനിയിലെ മ്യൂണിച്ച്, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ്, പോളണ്ടിലെ വാർസോ, ഓസ്ട്രിയയിലെ വിയന്ന, ഇത്യോപ്യയിലെ ആഡിസ് അബാബ, റഷ്യയിലെ സോച്ചി, സിറിയയിലെ ദമാസ്കസ് എന്നീ നഗരങ്ങളിലേക്ക് എയർ അറേബ്യ നേരിട്ടുള്ള സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ലണ്ടനിലേക്കുള്ള നേരിട്ടുള്ള സർവീസ് അടുത്ത മാർച്ച് മുതൽ ആരംഭിക്കുമെന്നും എയർ അറേബ്യ അറിയിച്ചു.




































