ഇന്ത്യൻ പീപ്പിൾസ് ഫോറം (IPF) കേരളാ ഘടകം ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപിയുമായി “കോഫി വിത്ത് എസ് ജി – ഹൃദയപൂർവം സുരേഷ് ഗോപി” എന്ന പേരിൽ കുട്ടികൾക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു.നമ്മുടെ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ കുട്ടികളുടെയും യുവമനസ്സുകളുടെയും പ്രചോദനങ്ങളും മൂല്യങ്ങളും പങ്കുവെയ്ക്കുന്ന സംവാദ വേദിയായി ദുബൈയിലെ ഇന്ത്യ ക്ലബ് മാറി.കേരള കൗൺസിൽ അധ്യക്ഷൻ ശ്രീ. വിനേഷ് മോഹനും പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ശിവകുമാർ ഹരിഹരനും ചേർന്ന് കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപിയെ സ്വീകരിച്ചു.യുഎഇയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിവിധ പ്രായക്കാരായ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും സംഘടന ഭാരവാഹികളും പങ്കെടുത്ത പരിപാടിയിൽ, കളിയും ചിരിയും പാട്ടുമായി അദ്ദേഹം ഏറെ സമയം കുട്ടികളോടൊപ്പം ചെലവഴിച്ചു. തന്റെ അനുഭവങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചതോടൊപ്പം കുട്ടികളുടെ ചോദ്യങ്ങൾക്ക് സ്വതസിദ്ധമായ ശൈലിയിൽ നൽകിയ മറുപടികൾ കാണികൾക്ക് ഏറെ ആസ്വാദ്യകരമായി.അവതാരകയായ പിന്നണി ഗായികയും ഗിന്നസ് റെക്കോർഡ്സ് ഹോൾഡറുമായ സുചേതാ സതീഷിനൊപ്പം “കുടമുല്ലപ്പൂവിനും” എന്ന തന്റെ പ്രിയപ്പെട്ട ഗാനം അദ്ദേഹം ആലപിക്കുകയും ചെയ്തു. കുടുംബ മൂല്യങ്ങളെക്കുറിച്ചും വായിച്ച പുസ്തകങ്ങളിലെ ഗഹനമായ ആശയങ്ങളെക്കുറിച്ചും അദ്ദേഹം കുട്ടികളോട് മനസ്സുതുറന്ന് സംസാരിച്ചു.കുട്ടികൾക്കായി ഒരുക്കിയ മധുര പലഹാരങ്ങളും, അദ്ദേഹത്തിന്റെ കൈയ്യൊപ്പോടുകൂടിയ ഭഗവദ് ഗീതയും അദ്ദേഹം നേരിട്ട് വിതരണം ചെയ്തു. തുടർന്ന് കുട്ടികൾ ഗാനങ്ങൾ ആലപിച്ചു.ഈ അവസരത്തിൽ IPF ഷാർജ ചാപ്റ്റർ റമദാൻ ബാഡ്മിന്റൺ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനവും കേന്ദ്രമന്ത്രി നിർവഹിച്ചു.IPF കേരള കൺവീനർ വിനേഷ് മോഹൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കേരള കൗൺസിൽ സെക്രട്ടറി കലേഷ് കുമാർ നന്ദി രേഖപ്പെടുത്തി.IPF സംഘടനാ സെക്രട്ടറി പ്രദീപ് കുമാർ, ദുബൈ കൺവീനർ ഉമാ ശങ്കരി, ഷാർജ കൺവീനർ ജയപ്രകാശ്, അജ്മാൻ കൺവീനർ രാധേഷ് നായർ, കേരള കൗൺസിൽ കോ-കൺവീനർ സുരേഷ് രാമൻ, കേരള കൗൺസിൽ ട്രഷറർ പ്രവീൺരാജ്, ദുബൈ സെക്രട്ടറി രമേഷ് മാണിക്കോത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.







































