കൊച്ചി: എൻഡിഎ സഖ്യത്തിലേക്ക് ട്വന്റി ട്വന്റി പാർട്ടി ചേർന്നതിനെ തുടർന്ന് സംഘടനയ്ക്കുള്ളിൽ ഗുരുതര രാഷ്ട്രീയ പ്രതിസന്ധി. നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളും ഭാരവാഹികളും ജനപ്രതിനിധികളും ട്വന്റി ട്വന്റി വിട്ട് കോൺഗ്രസിൽ ചേർന്നു. ബിജെപിയുടെ രാഷ്ട്രീയ റിക്രൂട്ടിങ് ഏജൻസിയായി ട്വന്റി ട്വന്റിയെ മാറ്റിയെന്നും ജനങ്ങളെ വഞ്ചിച്ചാണ് എൻഡിഎ പ്രവേശനം നടത്തിയതെന്നുമാണ് പുറത്തുപോയ നേതാക്കൾ ഉന്നയിക്കുന്ന പ്രധാന ആരോപണം.
പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബിന്റെ നേതൃത്വ ശൈലിയാണ് പൊട്ടിത്തെറിയുടെ പ്രധാന കാരണമെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം. എൻഡിഎയിൽ ചേരാനുള്ള നിർണായക തീരുമാനം പാർലമെന്ററി ബോർഡിന്റെയോ വാർഡ് കമ്മിറ്റികളുടെയോ ജനപ്രതിനിധികളുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണെടുത്തതെന്ന് അവർ പറഞ്ഞു. തിരുവനന്തപുരത്ത് പോയി കുറച്ചുപേർ ചേർന്ന് എടുത്ത തീരുമാനമാണ് പിന്നീട് ടെലിവിഷൻ വാർത്തകളിലൂടെ പാർട്ടി പ്രവർത്തകർ അറിഞ്ഞതെന്നും നേതാക്കൾ ആരോപിച്ചു.
ഇടതുമുന്നണിയിലേക്കും വലതുമുന്നണിയിലേക്കും ഇല്ലെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് ട്വന്റി ട്വന്റി രാഷ്ട്രീയ രംഗത്തിറങ്ങിയതെന്നും, ഏതെങ്കിലും സഖ്യത്തിലേക്ക് പോകേണ്ടി വന്നാൽ പാർട്ടി പിരിച്ചുവിടുമെന്നതായിരുന്നു മുൻ നിലപാടെന്നും വിമതർ ചൂണ്ടിക്കാട്ടി. എന്നാൽ ആ പ്രഖ്യാപനങ്ങളെല്ലാം മറികടന്ന് ബിജെപി സഖ്യത്തിലേക്ക് കടന്നത് ജനങ്ങളോടുള്ള തുറന്ന വഞ്ചനയാണെന്ന് അവർ പറഞ്ഞു.
ജനങ്ങൾക്ക് സബ്സിഡി നൽകാനെന്ന പേരിൽ നടത്തിയ സർവേകൾ എൻഡിഎ പ്രവേശനത്തിനുള്ള മുന്നൊരുക്കമായിരുന്നുവെന്നും വിമത വിഭാഗം ആരോപിക്കുന്നു. ജാതിയും മതവും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച ഈ സർവേ, ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ വേണ്ടിയായിരുന്നു എന്നാണ് നേതാക്കളുടെ ആരോപണം. ആനുകൂല്യങ്ങൾ ലഭിക്കും എന്ന വിശ്വാസത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് വിവരശേഖരണം നടത്തിയതെന്നും അവർ വ്യക്തമാക്കി.
പാർട്ടിക്കുള്ളിൽ അഭിപ്രായസ്വാതന്ത്ര്യം പൂർണമായി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും പ്രസിഡന്റ് സാബു ജേക്കബിന്റെ ഏകാധിപത്യപരമായ സമീപനമാണ് സംഘടനയെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്നും കോൺഗ്രസിലേക്ക് ചേർന്ന നേതാക്കൾ പറഞ്ഞു. സ്ഥാനാർത്ഥി നിർണയം മുതൽ ഫണ്ട് വിനിയോഗം, പ്രചാരണ പ്രവർത്തനങ്ങൾ വരെ എല്ലാം ഒരാൾ നിയന്ത്രിക്കുന്ന രീതിയിലാണെന്നാണ് വിമർശനം.
സ്വന്തമായി നിലനിൽക്കാനുള്ള രാഷ്ട്രീയ ശേഷി ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് സാബു ജേക്കബ് ബിജെപി പാളയത്തിലെത്തിയതെന്നും, ഇത് ജനങ്ങളുടെ താൽപര്യങ്ങൾക്കല്ല, അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണെന്നുമാണ് വിമതരുടെ ആരോപണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ബിജെപി ദേശീയ നേതൃത്വവുമായി രഹസ്യ ചർച്ചകൾ നടന്നിരുന്നുവെന്ന വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നതായും അവർ പറഞ്ഞു.
‘ട്വന്റി ട്വന്റി’ എന്ന പാർട്ടിക്കാണ് ജനങ്ങൾ വോട്ട് ചെയ്തത്, ബിജെപി സഖ്യത്തിനല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കിറ്റുകളും ആനുകൂല്യങ്ങളും നൽകി ജനങ്ങളുടെ പ്രതിഷേധം ഇല്ലാതാക്കാമെന്ന ധാരണ നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണെന്നും, വഞ്ചനയുമായി ജനങ്ങളെ സമീപിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.വരും ദിവസങ്ങളിൽ കൂടുതൽ ഭാരവാഹികളും പ്രവർത്തകരും ട്വന്റി ട്വന്റി വിട്ട് കോൺഗ്രസിൽ ചേരുമെന്നും, നിലവിലെ സംഭവവികാസങ്ങൾ സാബു ജേക്കബിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനഘട്ടത്തിന് തുടക്കമാകുമെന്നും വിമത നേതാക്കൾ വ്യക്തമാക്കി.




































