ദുബൈ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നെന്ന വ്യാജ അവകാശവാദങ്ങളോടെ പ്രചരിക്കുന്ന സന്ദേശങ്ങൾക്കെതിരെ ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടി.ഡി.ആർ.എ) മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക്, എക്സ് (മുൻ ട്വിറ്റർ) തുടങ്ങിയ സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് അവകാശപ്പെടുന്ന വ്യാജ മെസേജുകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ജാഗ്രതാ നിർദേശം.ഇത്തരത്തിലുള്ള സന്ദേശങ്ങൾ വഴി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കാനും ശ്രമിക്കുന്നതായി ടി.ഡി.ആർ.എ അറിയിച്ചു. സന്ദേശങ്ങൾക്ക് പ്രതികരിക്കുന്നതിന് മുമ്പ് അയച്ചയാളുടെ വിശ്വാസ്യത നിർബന്ധമായും പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള രഹസ്യ ഡാറ്റ ചോർത്തിയെടുക്കുന്ന പുതിയ തട്ടിപ്പുകളുടെ ഭാഗമായാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇതുവഴി പണം തട്ടാനുള്ള ശ്രമങ്ങളും വർധിച്ചുവരുന്നതായി മുന്നറിയിപ്പിൽ പറയുന്നു.









































