കമലദളം, വിൻസ്മേര, വന്താര സ്റ്റുഡിയോസ് സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറും; അയ്യായിരത്തിലധികം കാണികളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ.
ദുബായ്, യു.എ.ഇ — നടൻ ദിലീപും സംവിധായകനും നടനുമായ നാദിർഷായും വർഷങ്ങൾക്ക് ശേഷം യുഎഇയിൽ ഒന്നിച്ചെത്തുന്ന ‘അലൈപായുതേ സീസൺ 1’ മെഗാ സ്റ്റേജ് ഷോ ഡിസംബർ 12-ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും. ചടങ്ങിൽ അയ്യായിരത്തിലേറെ കാണികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
യൂറോപ്പിലെ വിജയകരമായ പര്യടനത്തിന് ശേഷമാണ് പരിപാടി യുഎഇയിലെത്തുന്നത്. ചിരിയും സംഗീതവും നൃത്തവും കോർത്തിണക്കിയ പരിപാടിക്ക് ദിലീപിനും നാദിർഷായ്ക്കുമൊപ്പം സംഗീത സംവിധായകൻ ശരത്തും നേതൃത്വം നൽകും. ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും യുഎഇയിലെ മലയാളി കുടുംബങ്ങൾക്ക് ഈ പരിപാടി അവിസ്മരണീയമായ ആഘോഷമായിരിക്കുമെന്നും വാർത്താസമ്മേളനത്തിൽ നാദിർഷാ വ്യക്തമാക്കി.
നടി അനു സിത്താരയുടെ കമലദളം, വിൻസ്മേര, വന്താര സ്റ്റുഡിയോസ് എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ പ്രവേശന ടിക്കറ്റുകൾ വിൻസ്മേര ജ്വല്ലേഴ്സിന്റെ വിവിധ ശാഖകൾ വഴി ലഭ്യമാക്കിയിട്ടുണ്ട്.
ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ വിൻസ്മേര ചെയർമാൻ ദിനേശ് കമ്പ്രത്ത്, നടി അനു സിത്താര, നാദിർഷാ, ഹരീഷ് കുമാർ, വന്താര സ്റ്റുഡിയോസിന്റെ പ്രതിനിധികളായ രാജ്മോഹൻ, വിഷ്ണു പ്രസാദ്, സ്മൃതി രാജ്മോഹൻ, ഗായത്രി ഹരീഷ് എന്നിവർ പങ്കെടുത്തു.










