കണ്ണൂർ: കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ജയന്തി രാജൻ പരാജയപ്പെട്ടതിനെ തുടർന്ന് മുസ്ലിം ലീഗ് അച്ചടക്ക നടപടി സ്വീകരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിനെ സംഘടനാ ചുമതലകളിൽ നിന്ന് മാറ്റിനിര്‍ത്തുകയും, മുൻ പഞ്ചായത്ത് അംഗമായ ഭാര്യ നദീറയെയും സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ സംസ്ഥാന കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. ഷാഹുൽ ഹമീദിനെതിരെ പാർട്ടിക്കുള്ളിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ജയന്തി രാജന്‍റെ തോല്‍വിക്ക് കാരണം ഷാഹുല്‍ ഹമീദാണെന്നും എല്‍ഡിഎഫിന് വേണ്ടി ഷാഹുല്‍ ഹമീദ് പ്രവര്‍ത്തിച്ചുവെന്നുമാണ് ഒരു വിഭാഗം ലീഗ് അണികളുടെ ആരോപണം.
ഷാഹുൽ ഹമീദിനെതിരെ പ്രവർത്തകർ മണ്ഡലത്തിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തി. ‘യൂദാസ്’ എന്ന് വിശേഷിപ്പിച്ച് കോലം കത്തിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങളും അരങ്ങേറി. ഇതിന് പുറമെ, എൽഡിഎഫ് സ്ഥാനാർഥി പി.കെ. പ്രവീണിന്റെ പോസ്റ്റർ നദീറ വാട്സാപ് സ്റ്റാറ്റസാക്കിയതും വിവാദമായി.
അതേസമയം, തന്‍റെ വിശദീകരണം കേൾക്കാതെയാണ് നടപടി സ്വീകരിച്ചതെന്ന് ഷാഹുൽ ഹമീദ് പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ ജയന്തി രാജൻ 1286 വോട്ടിനാണ് പരാജയപ്പെട്ടത്. ഈ തിരഞ്ഞെടുപ്പിൽ ലീഗ് വിജയ പ്രതീക്ഷ പുലർത്തിയിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു കൂത്തുപറമ്പ്.













































