തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ സി.പി.ഐ ജില്ലതല അവലോകന യോഗങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കുന്ന യോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയരാനാണ് സാധ്യത.
തിരുവനന്തപുരത്ത് നടക്കുന്ന ജില്ലതല അവലോകന യോഗത്തോടെയാണ് ചർച്ചകൾക്ക് തുടക്കമാകുന്നത്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തലിൽ തന്നെ നേതൃത്വത്തിന്റെ നിലപാടുകളും സി.പി.എമ്മിനോടുള്ള അമിത വിധേയത്വവും തിരിച്ചടിയായെന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച ചർച്ചകളും യോഗങ്ങളിൽ പ്രാധാന്യം നേടും. പാർട്ടിക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന വൈക്കം, ചാത്തന്നൂർ, ചടയമംഗലം, തൃശൂർ, കൊടുങ്ങല്ലൂർ തുടങ്ങിയ മണ്ഡലങ്ങളിലെ തോൽവികൾ പ്രത്യേകം വിലയിരുത്തും.
25 സീറ്റുകളിൽ മത്സരിച്ച സി.പി.ഐക്ക് എട്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. തെരഞ്ഞെടുപ്പിന് മുമ്പ് കുറഞ്ഞത് 15 സീറ്റുകളിൽ വരെ വിജയം പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിൽ ഫലം വലിയ തിരിച്ചടിയായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
മത്സരിച്ച നാല് മന്ത്രിമാരിൽ മൂന്നുപേരും ജയിച്ചതാണ് സി.പി.ഐക്ക് ആശ്വാസം. എൽ.ഡി.എഫിന്‍റെ 13 മന്ത്രിമാർ പരാജയപ്പെട്ടപ്പോഴാണിത്. അതേസമയം, ചടയമംഗലത്തെ മന്ത്രി ജെ. ചിഞ്ചുറാണിയുടെ പരാജയം പ്രത്യേകമായി ചർച്ച ചെയ്യുമെന്നാണ് വിവരം.
സ്ഥാനാർഥി നിർണയത്തിലെ പിഴവുകൾ, ചില മണ്ഡലങ്ങളിലെ നേതൃത്വ ഇടപെടലുകൾ, പാർട്ടി വിട്ടുപോകാനൊരുങ്ങിയ നേതാക്കളെ പിന്തിരിപ്പിക്കാൻ ശ്രമങ്ങളില്ലാതിരുന്നത് തുടങ്ങിയ വിഷയങ്ങളും യോഗങ്ങളിൽ ഉയർന്നേക്കും. തിരുത്തൽ മുകൾതട്ടിൽ നിന്നാരംഭിക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമാകുന്നുണ്ട്.
ജില്ലാതല ചർച്ചകൾക്ക് ശേഷം ജൂൺ എട്ടിന് സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് സമഗ്ര അവലോകനം നടത്തും.









































