തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം നടക്കുക. നിലവിൽ വിദ്യാഭ്യാസ മന്ത്രി ഇല്ലാത്ത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാകും ഫലം പ്രഖ്യാപിക്കുക.
ഈ വർഷം 4,17,497 വിദ്യാർഥികളാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർഥികളുടെ ഫലവും ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും ഫലം ലഭ്യമാകും. യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് ഈ മാസം അവസാനം ‘സേ’ പരീക്ഷ എഴുതാൻ അവസരമൊരുക്കും. ജൂൺ ആദ്യവാരത്തിൽ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നീക്കം നടത്തുന്നത്. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി വിജയശതമാനം 99.5 ആയിരുന്നു.
ഫലം അറിയാൻ ലഭ്യമായ പ്ലാറ്റ്ഫോമുകൾ
https://results.kite.kerala.gov.in
https://kbpe.kerala.gov.in/
https://results.digilocker.gov.in/
‘Saphalam KITE’ മൊബൈൽ ആപ്പ് വഴിയും ഫലം പരിശോധിക്കാം. കൂടാതെ ‘നമ്മുടെ കേരളം’ ആപ്പിലും കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ വാട്സാപ്പ് സേവനമായ 9188619958 നമ്പറിലൂടെയും ഫലം ലഭിക്കും.
വിദ്യാർത്ഥികളുടെ വ്യക്തിഗത ഫലങ്ങൾക്കൊപ്പം സ്കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല അടിസ്ഥാനത്തിലുള്ള റിസൽട്ട് അനാലിസിസ്, വിഷയാധിഷ്ഠിത റിപ്പോർട്ടുകൾ എന്നിവയും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്.









































