അഞ്ചാമത് പതിപ്പിൽ യൂറോപ്പിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള പ്രസാധകരും പുസ്തക വിൽപ്പനക്കാരും; പ്രിന്റ്-ഓൺ-ഡിമാൻഡ്, ഡിജിറ്റൽ അവകാശങ്ങൾ എന്നിവയിൽ നിർണായക ചർച്ചകൾ.
ഷാർജ, യു.എ.ഇ —ആഗോളതലത്തിലെ പുസ്തക വിതരണ പ്രതിസന്ധികൾ മറികടക്കാനും അന്താരാഷ്ട്ര പകർപ്പവകാശ (കോപ്പിറൈറ്റ്) വിപണിയിൽ പുതിയ പങ്കാളിത്തങ്ങൾ ഉറപ്പാക്കാനുമായി 99 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരും പുസ്തക വിൽപ്പനക്കാരും ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസിൽ ഒത്തുചേർന്നു.
ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കോൺഫറൻസിന്റെ അഞ്ചാമത് പതിപ്പിൽ 912 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സ്വന്തം രാജ്യങ്ങളിലെ വിപണി പരിമിതികൾ മറികടക്കാൻ ലക്ഷ്യമിട്ട് എത്തിയ ചെറുകിട-ഇടത്തരം പ്രസാധകരുടെ വലിയ നിര തന്നെ ഇത്തവണ ഷാർജയിലുണ്ട്. പരമ്പരാഗത അച്ചടി-വിതരണ രീതികളിൽ നിന്ന് മാറി പുതിയ വിപണികൾ കണ്ടെത്തുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.
ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ നിന്നുള്ള മെയ്ഡൻ പബ്ലിഷിംഗ് ഹൗസ് അന്താരാഷ്ട്ര സഹകരണങ്ങൾ ലക്ഷ്യമിട്ടാണ് ആദ്യമായി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സ്കൂൾ പാഠപുസ്തകങ്ങളും പൊതുസാഹിത്യവും പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണിതെന്ന് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ മാൻഡി നകാസ്‌വെ കറ്റേക്ക വ്യക്തമാക്കി. തങ്ങളുടെ പുസ്തകങ്ങൾ ആഫ്രിക്കയ്ക്ക് പുറത്തേക്ക് എത്തിക്കുന്നതിനൊപ്പം, ആഫ്രിക്കൻ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ വിദേശ പുസ്തകങ്ങളുടെ പകർപ്പവകാശം സ്വന്തമാക്കാനും ചർച്ചകൾ നടത്തുന്നതായി അവർ പറഞ്ഞു.


യൂറോപ്പിൽ അറബിക് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി വായനക്കാരുടെ കുറവാണ്. ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മാട്രാസ്’ (Matrace) പബ്ലിഷിംഗ് ഹൗസിന്റെ സഹസ്ഥാപക ലബീബ ബഹാരി ഈ പ്രതിസന്ധിക്ക് പരിഹാരം തേടിയാണ് ഷാർജയിലെത്തിയത്. ഗൾഫ് മേഖലയിലടക്കമുള്ള അറബ് വായനക്കാരിലേക്ക് പുസ്തകങ്ങൾ എത്തിക്കാൻ മിഡിൽ ഈസ്റ്റിലെ വിതരണക്കാരുമായി നേരിട്ട് കരാറുകളിൽ ഏർപ്പെടാൻ കോൺഫറൻസ് അവസരമൊരുക്കിയതായി അവർ വ്യക്തമാക്കി.
പരമ്പരാഗതമായി പുസ്തകങ്ങൾ വലിയ തോതിൽ അച്ചടിച്ച് കയറ്റി അയക്കുന്നതിലെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ‘പ്രിന്റ്-ഓൺ-ഡിമാൻഡ്’ (POD) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലായിരുന്നു ലെബനനിൽ നിന്നുള്ള പ്ലാനറ്റ് ന്യൂസ് ബിസിനസിന്റെ ശ്രദ്ധ. ഷിപ്പിംഗ് നിരക്കുകളും പേപ്പർ വിലയും കുതിച്ചുയരുന്ന സാഹചര്യത്തിൽ, ആവശ്യാനുസരണം മാത്രം പുസ്തകങ്ങൾ അച്ചടിക്കുന്ന രീതിയെക്കുറിച്ചും ബൗദ്ധിക സ്വത്തവകാശം (IPR) സംരക്ഷിക്കുന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ ലഭിച്ചതായി സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർ ലാമിയ അൽ റാസി പറഞ്ഞു.
സാമ്പത്തിക-സാമൂഹിക പ്രതിസന്ധികൾക്കിടയിലും പുസ്തകശാലകൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കാനാണ് ഉക്രൈനിലെ ‘സെൻസ് ബുക്ക്‌സ്റ്റോർ’ സ്ഥാപകനും സി.ഇ.ഒയുമായ ഒലെക്സി എറിഞ്ചാക് എത്തിയത്. 2025-ൽ ലാത്വിയയിലെ റിഗയിൽ നടന്ന പുസ്തക സമ്മേളനത്തിലെ പങ്കാളിത്തത്തിന് പിന്നാലെയാണ് അദ്ദേഹത്തിന് ഷാർജയിലേക്ക് ക്ഷണം ലഭിച്ചത്. വ്യത്യസ്ത വിപണികളിലെ പ്രസാധകരുമായി നേരിട്ട് സംവദിക്കുന്നത് പ്രതിസന്ധിഘട്ടങ്ങളിൽ ബിസിനസ് നിലനിർത്താൻ പുതിയ ഊർജ്ജം നൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര പുസ്തക വിപണിയിലെ വിതരണ തടസ്സങ്ങൾ ലഘൂകരിക്കുന്നതിലും സ്വതന്ത്ര പ്രസാധകർക്ക് ആഗോളതലത്തിൽ വാണിജ്യ സാധ്യതകൾ തുറന്നുനൽകുന്നതിലും ഒരു പ്രധാന കേന്ദ്രമായി ഷാർജ മാറിയിട്ടുണ്ടെന്ന് സമ്മേളനത്തിലെ പങ്കാളിത്തം വ്യക്തമാക്കുന്നു.










