ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് ഭക്ഷണച്ചെലവിൽ ഗണ്യമായ ലാഭം നേടാൻ സഹായിക്കുന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ഭക്ഷ്യവസ്തുക്കൾ 70 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കുന്ന ‘പീക്കാബോക്സ്’ (Peekabox) എന്ന മൊബൈൽ ആപ്പാണ് ശ്രദ്ധ നേടുന്നത്. ഭക്ഷണം പാഴാകുന്നത് കുറയ്ക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പ്രവർത്തിക്കുന്നത്.
ദുബായിൽ താമസിക്കുന്ന ഹസൻ, ഒമൈർ സർവാർ സഹോദരന്മാർ ചേർന്നാണ് ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ആപ്പിലൂടെ ഉപഭോക്താക്കൾക്ക് വിവിധ ഭക്ഷണശാലകളിൽ നിന്ന് ഭക്ഷണ പാക്കേജുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് അതേ ദിവസം തന്നെ നേരിട്ടെത്തി വാങ്ങാൻ സാധിക്കും.
പലചരക്ക് സാധനങ്ങൾ ഉൾപ്പെട്ട ബോക്സുകൾ 15 ദിർഹം നിരക്കിലും ബേക്കറികൾ, കോഫി ഷോപ്പുകൾ, സുഷി ഔട്ട്‌ലെറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള ഭക്ഷണ പാക്കേജുകൾ 30 ദിർഹം നിരക്കിലും ലഭ്യമാകും. നിലവിൽ 40-ലധികം പ്രമുഖ ബ്രാൻഡുകളും 1,000-ത്തിലധികം സ്റ്റോറുകളും ആപ്പുമായി സഹകരിക്കുന്നുണ്ട്.
പീക്കാബോക്സിലൂടെ വിൽക്കുന്ന ഭക്ഷണ സാധനങ്ങൾ എല്ലാം അന്നേദിവസം പുതുതായി തയ്യാറാക്കിയവയാണെന്നും കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ ഒരിക്കലും ഉൾപ്പെടുത്താറില്ലെന്നും കമ്പനിയുടെ സി.ഇ.ഒ ഹസൻ സർവാർ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് പ്രത്യേക നിബന്ധനകളോ അംഗത്വ വ്യവസ്ഥകളോ ഇല്ലാതെയാണ് സേവനം ലഭ്യമാക്കുന്നത്.
ആപ്പ് ഉപയോഗിക്കുന്നവർ ആദ്യം ഭക്ഷണ ബോക്സ് റിസർവ് ചെയ്ത് പണമടയ്ക്കണം. തുടർന്ന് നിശ്ചിത സമയപരിധിക്കുള്ളിൽ സ്റ്റോറിൽ നേരിട്ട് എത്തി ഭക്ഷണം കൈപ്പറ്റാം. ഉപഭോക്താക്കൾക്ക് വ്യക്തിഗത ഭക്ഷ്യവസ്തുക്കൾ തിരഞ്ഞെടുക്കാനാകില്ല. ദിവസാവസാനം വിറ്റുപോകാതെ ശേഷിക്കുന്ന, എന്നാൽ ഉപയോഗയോഗ്യവും സുരക്ഷിതവുമായ ഭക്ഷണ പാക്കേജുകളാണ് സ്റ്റോറുകൾ ഈ പ്ലാറ്റ്‌ഫോമിലൂടെ വിൽക്കുന്നത്.
ഭക്ഷ്യ പാഴാക്കൽ കുറയ്ക്കുകയും ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമാക്കുകയും ചെയ്യുന്ന ഈ ആശയം യുഎഇയിലെ പ്രവാസികൾക്കിടയിൽ വലിയ സ്വീകാര്യത നേടുമെന്നാണ് വിലയിരുത്തൽ.











































