ഗർഭപാത്രം നീക്കം ചെയ്യാതെ ഹോർമോൺ ചികിത്സയിലൂടെ ക്യാൻസർ ഭേദമാക്കി അദ്ഭുത നേട്ടം; പ്രകൃതിദത്തമായി ഗർഭം ധരിച്ച് മലയാളിയായ ശ്രദ്ധി
ദുബായ്, യു.എ.ഇ – ജൂലൈ 23, 2026:മാതാവാകണമെന്ന സ്വപ്നങ്ങൾക്ക് മുന്നിൽ വില്ലനായെത്തിയ ഗർഭാശയ അർബുദത്തെ (Uterine Cancer) അതിജീവിച്ച് 24-ാം വയസ്സിൽ കുഞ്ഞിന് ജന്മം നൽകി മലയാളി യുവതി ശ്രദ്ധി. ദുബായ് അൽ ഖുസൈസിലെ മെഡ്‌കെയർ റോയൽ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് (Medcare Royal Speciality Hospital) വൈദ്യശാസ്ത്ര ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിയ ഈ അപൂർവ്വ നേട്ടം നടന്നത്. ഗർഭപാത്രം നീക്കം ചെയ്യാതെയുള്ള പ്രത്യേക ഹോർമോൺ ചികിത്സയിലൂടെ ക്യാൻസർ പൂർണ്ണമായി ഭേദമാക്കിയ ശേഷമാണ് ശ്രദ്ധി ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകിയത്.
സാധാരണയായി ആർത്തവവിരാമം വന്ന 60 നും 69 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ കണ്ടുവരുന്ന എൻഡോമെട്രിയൽ ക്യാൻസർ (Endometrial Cancer) വളരെ അപൂർവ്വമായാണ് ഇരുപതുകളിൽ ഉള്ളവരിൽ ബാധിക്കുന്നത്. യു.എ.ഇയിൽ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ നാലാം സ്ഥാനത്താണ് ഗർഭാശയ അർബുദം. ഇത്തരം സന്ദർഭങ്ങളിൽ ഗർഭപാത്രം പൂർണ്ണമായി നീക്കം ചെയ്യുന്ന ‘ഹിസ്റ്ററെക്ടമി’ (Hysterectomy) ശസ്ത്രക്രിയയാണ് സാധാരണ നടത്താറുള്ളത്. എന്നാൽ തുടക്കത്തിലെ രോഗനിർണ്ണയം ശ്രദ്ധിയ്ക്ക് മാതൃത്വത്തിലേക്കുള്ള വഴി തുറന്നുനൽകുകയായിരുന്നു.

രോഗനിർണ്ണയവും ചികിത്സയും
കഠിനമായ രക്തസ്രാവത്തെയും അനീമിയയെയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ശ്രദ്ധിയുടെ ഗർഭപാത്രത്തിൽ 2.2 x 1.7 സെന്റീമീറ്റർ വലിപ്പമുള്ള പോളിപ്പ് കണ്ടെത്തിയത്. ചെറുശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്ത ശേഷമുള്ള വിശദമായ ലാബ് പരിശോധനയിലാണ് ആദ്യഘട്ട എൻഡോമെട്രിയൽ ക്യാൻസർ സ്ഥിരീകരിച്ചത്.
രോഗം മറ്റ് അവയവങ്ങളിലേക്ക് പടർന്നിട്ടില്ലെന്ന് പെറ്റ് സ്കാനിങ്ങിലൂടെയും (PET scan) എം.ആർ.ഐ (MRI) പരിശോധനയിലൂടെയും ഡോക്ടർമാർ ഉറപ്പുവരുത്തി. തുടർന്ന്, യുവതിയുടെ പ്രായവും അമ്മയാകണമെന്ന ആഗ്രഹവും കണക്കിലെടുത്ത് ഗർഭപാത്രം നീക്കം ചെയ്യാതെ രോഗം ഭേദമാക്കാനുള്ള ‘ഫെർട്ടിലിറ്റി പ്രിസർവിങ് ഹോർമോൺ തെറാപ്പി’ (Fertility-preserving hormonal treatment) നടപ്പിലാക്കാൻ മെഡ്‌കെയറിലെ മൾട്ടി ഡിസിപ്ലിനറി മെഡിക്കൽ സംഘം തീരുമാനിക്കുകയായിരുന്നു.
ഹോർമോൺ തെറാപ്പിയും പ്രൊജസ്ട്രോൺ അടങ്ങിയ പ്രത്യേക ഐ.യു.ഡി (IUD) ഉപകരണവും ഉപയോഗിച്ച് ആറുമാസത്തോളം നീണ്ട കൃത്യമായ നിരീക്ഷണത്തിലധിഷ്ഠിതമായ ചികിത്സ നൽകി. തുടർന്ന് നടത്തിയ എം.ആർ.ഐ, ബയോപ്സി പരിശോധനകളിൽ ശ്രദ്ധിയുടെ ശരീരത്തിൽ നിന്ന് ക്യാൻസർ കോശങ്ങൾ പൂർണ്ണമായും അപ്രത്യക്ഷമായതായി സ്ഥിരീകരിച്ചു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
ക്യാൻസർ മുക്തയായെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ച് വെറും രണ്ട് മാസത്തിനുള്ളിൽ ശ്രദ്ധി പ്രകൃതിദത്തമായി ഗർഭം ധരിച്ചു. ഗർഭകാലം സുഗമമായി പൂർത്തിയാക്കിയ ശ്രദ്ധി 38-ാം ആഴ്ചയിൽ 2.8 കിലോഗ്രാം ഭാരമുള്ള ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
“രോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തിയതാണ് ഗർഭപാത്രം നിലനിർത്തിക്കൊണ്ടുള്ള ഈ ചികിത്സാ രീതിക്ക് തുണയായത്. അസാധാരണമായ രക്തസ്രാവം ഉണ്ടായാൽ ഏത് പ്രായത്തിലുള്ളവരായാലും അത് നിസ്സാരമായി കാണരുത് എന്നതിന്റെ തെളിവാണിത്.” — ഡോ. രാജലക്ഷ്മി ശ്രീനിവാസൻ, ഗൈനക്കോളജി സ്പെഷ്യലിസ്റ്റ്, മെഡ്‌കെയർ റോയൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
“ക്യാൻസർ രോഗനിർണ്ണയം വന്നപ്പോൾ മാതാവാകാൻ കഴിയില്ലെന്ന ഭയമായിരുന്നു എന്നെ വേട്ടയാടിയത്. എന്നാൽ ഇന്ന് കുഞ്ഞിനെ കൈകളിൽ ഏന്തുമ്പോൾ വാക്കുകൾക്ക് അതീതമായ സന്തോഷമുണ്ട്.” — ശ്രദ്ധി, രോഗി
















