ദുബായ്: നബിദിന അവധിയോടനുബന്ധിച്ച് ജി.ഡി.ആർ.എഫ്.എ ദുബായ്-തങ്ങളുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളുടെയും വിവിധ സേവന ചാനലുകളുടെയും പ്രവൃത്തി സമയം പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് നബിദിന അവധി.
അവധി ദിനത്തിലും സേവനങ്ങളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാനാണ് ഈ ക്രമീകരണമെന്ന് അധികൃതർ അറിയിച്ചു .
അൽ അവീറിലെ പബ്ലിക് സർവീസസ് വിഭാഗം ഉപഭോക്താക്കളെ രാവിലെ 6 മുതൽ രാത്രി 8 വരെ സ്വീകരിക്കും. അൽ മനാറ മുനിസിപ്പാലിറ്റി സെന്റർ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കും. അൽ ത്വവാറിലെ ഫ്രീ സോൺ വിഭാഗവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സേവനം നൽകുക.അതേസമയം, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ 3 അറൈവൽസിലെ എയർപോർട്ട് സർവീസ് സെന്റർ ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.
സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്താതെ തന്നെ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ ജി.ഡി.ആർ.എഫ്.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (gdrfad.gov.ae), ‘ദുബായ് നൗ’ (Dubai Now) ആപ്ലിക്കേഷൻ എന്നിവ വഴി 24 മണിക്കൂറും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാണ്. സംശയങ്ങൾക്കും വിവരങ്ങൾക്കുമായി 8005111 എന്ന കോൾ സെന്റർ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
സേവന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുൻപ് ആവശ്യമായ രേഖകളും നടപടിക്രമങ്ങളും ഉറപ്പുവരുത്തണമെന്നും പരമാവധി ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു










