ദുബായ്: പ്രശസ്ത മാപ്പിളപ്പാട്ടു സംഗീതജ്ഞൻ കോഴിക്കോട് അബൂബക്കർ, ഗായകൻ നിസാർ വയനാട് എന്നിവരുടെ വേർപാടിൽ മലബാർ പ്രവാസി കൂട്ടായ്മ അനുശോചന യോഗം സംഘടിപ്പിച്ചു. കറാമയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ. അസീസ് തോലേരി അധ്യക്ഷത വഹിച്ചു.
മാപ്പിളപ്പാട്ടുകൾക്ക് ആത്മാവും അനുഭൂതിയും പകർന്നുനൽകിയ അനുഗ്രഹീത കലാകാരന്മാരായിരുന്നു ഇരുവരുമെന്നു അഡ്വ. അസീസ് തോലേരി സ്മരിച്ചു. പതിറ്റാണ്ടുകളോളം മാന്ത്രിക വിരലുകളാൽ സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച അബൂബക്കറും, ആസ്വാദകവൃന്ദത്തെ ഗാനാലാപനത്തിലൂടെ വിസ്മയിപ്പിച്ച നിസാർ വയനാടും ഇവരുടെ വേർപാട് മലയാള സംഗീത ലോകത്തിനും മാപ്പിളപ്പാട്ട് ശാഖയ്ക്കും നികത്താനാവാത്ത നഷ്ടമാണെന്നും പ്രവാസികളുടെ ഏകാന്തതകളിൽ അവരുടെ ഗാനങ്ങൾ എപ്പോഴും ആശ്വാസമായിരുന്നുവെന്നും യോഗം വിലയിരുത്തി.
രക്ഷാധികാരി മോഹൻ വെങ്കിട്ട് അനുശോചന പ്രഭാഷണം നടത്തി. സെക്രട്ടറി ശങ്കർ, വൈസ് പ്രസിഡന്റ് മൊയ്തു കുറ്റ്യാടി, ഭാരവാഹികളായ പ്രയാഗ് പേരാമ്പ്ര, മൊയ്തു പേരാമ്പ്ര, അഹമ്മദ് ചേനോളി, സമീറ, ഷൈജ, നിസാർ, നാസർ പട്ടാമ്പി, അഡ്വക്കേറ്റ് ദേവദാസ് എന്നിവർ സംസാരിച്ചു.










