നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവാത്ത മുറിവുകളും കണ്ടെത്താം; മിഡിൽ ഈസ്റ്റിൽ ആദ്യമായി ‘സേഫ് അൾട്രാ സിസ്റ്റം’ നടപ്പിലാക്കി ഷാർജ.
ഷാർജ, സെപ്റ്റംബർ 14, 2026 — കുട്ടികൾക്കെതിരായ ശാരീരിക-ലൈംഗിക അതിക്രമങ്ങൾ ശാസ്ത്രീയമായി കണ്ടെത്താനും കുറ്റമറ്റ രീതിയിൽ തെളിവുകൾ ശേഖരിക്കാനുമായി അത്യാധുനിക ഫൊറൻസിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഷാർജയിലെ കനഫ് സെന്റർ. ‘സേഫ് അൾട്രാ സിസ്റ്റം’ എന്ന മൾട്ടിസ്പെക്ട്രൽ ഇമേജിങ് സാങ്കേതികവിദ്യ ക്ലിനിക്കൽ പരിശോധനാ നടപടികളിലേക്ക് ഉൾപ്പെടുത്തുന്ന യുഎഇയിലെയും പശ്ചിമേഷ്യയിലെയും ആദ്യ കേന്ദ്രമായി കനഫ് സെന്റർ മാറി.
സാധാരണ വെളിച്ചത്തിൽ കാണാൻ കഴിയാത്ത ശാരീരിക ക്ഷതങ്ങൾ, ചർമ്മത്തിനടിയിലെ ആന്തരിക മുറിവുകൾ, കടിച്ചുണ്ടായ പാടുകൾ, പൊള്ളലുകൾ, രക്തക്കുഴലുകളിലെ മാറ്റങ്ങൾ എന്നിവ ഉയർന്ന കൃത്യതയോടെ കണ്ടെത്താൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. ഫോറൻസ്‌കോപ്പ് സിഎംഎസ് (ForenScope CMS) സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഈ ഉപകരണം വഴി ക്രിമിനൽ കേസുകളിലും ലൈംഗികാതിക്രമങ്ങളിലും നിർണായകമായ ജൈവ സാമ്പിളുകൾ വേഗത്തിൽ വേർതിരിച്ചെടുക്കാനാകും.
പീഡനങ്ങൾക്കിരയാകുന്ന കുട്ടികൾ വീണ്ടും വീണ്ടും വിശദമായ ശാരീരിക പരിശോധനകൾക്ക് വിധേയരാകുന്നത് ഒഴിവാക്കാനും അവരുടെ മാനസിക വിഷമങ്ങൾ കുറയ്ക്കാനും ഈ സംവിധാനം വഴിയൊരുക്കുമെന്ന് ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ ഡയറക്ടർ ജനറലും കനഫ് സെന്റർ ഉന്നതാധികാര സമിതി അധ്യക്ഷയുമായ ഹനാദി അൽ യാഫി വ്യക്തമാക്കി. കുട്ടികളുടെ ആത്മാഭിമാനവും മാനസികാരോഗ്യവും സംരക്ഷിച്ചുകൊണ്ടുള്ള ഇടപെടലുകൾക്കാണ് മുൻഗണന നൽകുന്നതെന്നും അവർ പറഞ്ഞു.
പുറമെയുള്ള പാടുകൾ മാഞ്ഞുപോയാലും ചർമ്മത്തിനടിയിലെ പരിക്കുകൾ കൃത്യമായി രേഖപ്പെടുത്താൻ പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. മുഹമ്മദ് അൽ കഅബി വ്യക്തമാക്കി. ഇത് കോടതികളിൽ സമർപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകളുടെ ആധികാരികത വർധിപ്പിക്കും.



കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ പലപ്പോഴും ശക്തമായ തെളിവുകളുടെ അഭാവം നീതി ലഭ്യമാക്കുന്നതിന് തടസ്സമാകാറുണ്ടെന്നും ശാസ്ത്രീയ തെളിവുകൾ വേഗത്തിലുള്ള നീതിനിർവഹണത്തിന് അത്യന്താപേക്ഷിതമാണെന്നും ഷാർജ അറ്റോർണി ജനറൽ അൻവർ അൽ ഹർമൂദി ചൂണ്ടിക്കാട്ടി. കൃത്യമായ ഡിജിറ്റൽ രേഖകൾ ഉള്ളതിനാൽ കേസുകൾ കോടതികളിൽ അട്ടിമറിക്കപ്പെടാനുള്ള സാധ്യത ഇല്ലാതാകുന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ വിജയകരമായി നടപ്പിലാക്കിവരുന്ന ‘ബർനാഹൂസ്’ (Barnahus) മാതൃകയിലാണ് ഷാർജയിലെ കനഫ് സെന്റർ പ്രവർത്തിക്കുന്നത്. പോലീസ്, പ്രോസിക്യൂഷൻ, ഫൊറൻസിക് മെഡിസിൻ, സാമൂഹിക ക്ഷേമ വകുപ്പ് എന്നിവയുടെ സേവനങ്ങൾ ഒറ്റ മേൽക്കൂരയ്ക്ക് കീഴിൽ ലഭ്യമാക്കി കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് ഈ സംവിധാനത്തിലൂടെ ചെയ്യുന്നത്.










