അധികാരം വികേന്ദ്രീകരിക്കണമെന്നും സ്വതന്ത്രമായി തീരുമാനമെടുക്കാൻ ശേഷിയുള്ള സംഘങ്ങളെ വളർത്തിയെടുക്കണമെന്നും യുഎഇയുടെ ആദ്യ വനിതാ മന്ത്രി.
ഷാർജ, സെപ്റ്റംബർ 24, 2026 : നേതൃത്വം എന്നത് പദവികളിലോ ഔദ്യോഗിക പദവി നാമങ്ങളിലോ അല്ല, മറിച്ച് സമൂഹത്തിൽ സൃഷ്ടിക്കുന്ന യഥാർത്ഥ മാറ്റങ്ങളിലാണ് കുടികൊള്ളുന്നതെന്ന് യുഎഇയുടെ ആദ്യ വനിതാ മന്ത്രി ശൈഖ ലുബ്ന ബിൻത് ഖാലിദ് അൽ ഖാസിമി വ്യക്തമാക്കി.
ഷാർജയിലെ ഹൗസ് ഓഫ് വിസ്ഡത്തിൽ എമിറാത്തി വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഹൗ ടോക്സ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. അധികാരം താഴെത്തട്ടിലേക്ക് നൽകാനും സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയുള്ള തൊഴിൽ സംഘങ്ങളെ വാർത്തെടുക്കാനും നേതൃസ്ഥാനങ്ങളിലുള്ളവർ തയ്യാറാകണമെന്ന് അവർ ആഹ്വാനം ചെയ്തു.
ആർക്കും ഒറ്റപ്പെട്ട് വിജയം കൈവരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ശൈഖ ലുബ്ന, സഹകരണത്തിലും പരസ്പര വിശ്വാസത്തിലുമൂന്നിയ പ്രവർത്തനശൈലിയാണ് സ്ഥാപനങ്ങളുടെ പുരോഗതിക്ക് അനിവാര്യമെന്ന് ഓർമ്മിപ്പിച്ചു. എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയും ഗൾഫ് ലൈബ്രറി ഇൻഫർമേഷൻ ആൻഡ് ആർക്കൈവ്സ് അസോസിയേഷൻ ചെയർപേഴ്സണുമായ ശൈഖ അൽ മത്തീരി ചർച്ച നിയന്ത്രിച്ചു.


സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച അവർ, കുടുംബം പകരുന്ന മൂല്യങ്ങളാണ് വ്യക്തിത്വ രൂപീകരണത്തിന് അടിത്തറയെന്ന് ചൂണ്ടിക്കാട്ടി. സഹിഷ്ണുത, ദാനധർമ്മം, പരസ്പര ബഹുമാനം, അയൽപക്ക ബന്ധങ്ങൾ തുടങ്ങിയ പരമ്പരാഗത അറബ് മൂല്യങ്ങൾ വരുംതലമുറകളിലേക്ക് പകർന്നുനൽകുന്നതിൽ അമ്മമാരും മുത്തശ്ശിമാരും വഹിച്ച പങ്ക് നിസ്തുലമാണ്. തൊഴിലെടുക്കുന്ന സ്ത്രീകൾ ഔദ്യോഗിക ജീവിതത്തോടൊപ്പം കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങളും കൃത്യമായി നിർവഹിക്കേണ്ടതുണ്ട്. കുട്ടികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നത് അവരുടെ വ്യക്തിത്വവും സാമൂഹിക പ്രതിബദ്ധതയും വളർത്താൻ സഹായിക്കും.
തന്റെ ഉന്നതവിദ്യാഭ്യാസ കാലഘട്ടത്തെക്കുറിച്ചും ശൈഖ ലുബ്ന സംസാരിച്ചു. ബ്രിട്ടനിലെയും അമേരിക്കയിലെയും പഠനകാലം തന്നെ സ്വയംപര്യാപ്തയാക്കാനും വ്യത്യസ്ത സംസ്കാരങ്ങളെ ഉൾക്കൊള്ളാനും സഹായിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് സ്വദേശത്തും വിദേശത്തുമായി മികച്ച ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ യുഎഇയിൽ ലഭ്യമാണ്. എന്നാൽ ഈ സുവർണ്ണാവസരങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ ചിട്ടയായ പരിശ്രമവും കൃത്യമായ ലക്ഷ്യബോധവും അത്യന്താപേക്ഷിതമാണെന്ന് അവർ കൂട്ടിച്ചേർത്തു.
വിവിധ മേഖലകളിലെ വിദഗ്ധരെയും ചിന്തകരെയും പൊതുജനങ്ങളുമായി സംവദിപ്പിക്കാൻ ഹൗസ് ഓഫ് വിസ്ഡം വർഷം മുഴുവൻ സംഘടിപ്പിക്കുന്ന പരിപാടിയാണ് ‘ഹൗ ടോക്സ്’.










